കെനിയയിലെ ഹോട്ടലില്‍ തീവ്രവാദി ആക്രമണം; മരണം 14 ആയി
നെയ്‌റോബി: കെനിയയില്‍ ആഡംബര ഹോട്ടലിലുണ്ടായ തീവ്രവാദികളുടെ വെടിവയ്പിലും സ്‌ഫോടനത്തിലുമായി കൊല്ലപ്പെട്ടരുടെ എണ്ണം 14 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ നെയ്‌റോബിയിലെ വെസ്റ്റ്‌ലാന്‍ഡ് ജില്ലയിലെ ഡസിറ്റ്ടി 2 ഹോട്ടലിലില്‍ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ യു.എസ് പൗരനുമുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ജാസന്‍ സ്പിന്‍ഡലര്‍ എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അല്‍ ശബാബ് തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നില്‍. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. ഹോട്ടലിലുള്ളവരെ 19 മണിക്കൂറോകളോളം ബന്ദികളാക്കി. മുഴുവന്‍ അക്രമികളെയും വധിച്ചെന്ന് പ്രസിഡന്റ് ഉയ്‌റു കെനിയാത്ത പറഞ്ഞു.
പ്രദേശത്തുനിന്ന് 700 സിവിലന്മാരെ ഒഴിപ്പിച്ചു. 50 പേരെ കാണാതായി. സംഭവത്തില്‍ രാജ്യം ദുഃഖം രേഖപ്പെടുത്തുകയാണ്. നിരപരാധികളായ ജനങ്ങളെയാണ് കിരാതമായ അക്രമത്തിലൂടെ കൊലപ്പെടുത്തിയിരിക്കുന്നത്. പരുക്കേറ്റവര്‍ ആരോഗ്യം ഉടന്‍ വീണ്ടെടുക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയാണ് - അദ്ദേഹം പറഞ്ഞു.
ദീര്‍ഘമായ ഏറ്റുമുട്ടലിനു ശേഷം ബുധാനാഴ്ച രാവിലെ രണ്ടു തീവ്രവാദികളെ വെടിവച്ചുകൊന്നെന്നു പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെറ്റിയില്‍ ചുവന്ന റിബണുകള്‍ കെട്ടിയ രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും ഇരുവരുടെയും കൈവശം എ.കെ 47 തോക്കുണ്ടായിരുന്നെന്നും മുതിര്‍ന്ന പൊലിസ് ഓഫിസര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച ആക്രമണത്തില്‍ ഹോട്ടലിന് സമീപത്തുണ്ടായിരുന്ന മൂന്നു വാഹനങ്ങള്‍ അഗ്നിക്കിരയായെന്നും കെനിയ പൊലിസ് തലവന്‍ ജോസഫ് ബയന്നറ്റ് പറഞ്ഞു.
കിഴക്കന്‍ കെനിയയില്‍ ഗരിസ്സ യൂനിവേഴ്‌സിറ്റിയിലുണ്ടായ അല്‍ ശബാബ് ആക്രമണത്തില്‍ 148 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ വെസ്റ്റ്‌ഗേറ്റ് ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പില്‍ 67 പേര്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."