അവിശ്വാസം അതിജീവിച്ച് തെരേസാ മേ
ലണ്ടന്‍: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം അതിജീവിച്ച് യു.കെ പ്രധാനമന്ത്രി തെരേസാ മേ.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് യു.കെ പിന്മാറുന്നതിന്റെ ഉപാധികള്‍ സംബന്ധിച്ചുള്ള കരാറില്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചെടിയുണ്ടാതിനു പിന്നാലെയാണ് മേയുടെ തിരിച്ചുവരവ്. ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിയാന്‍ കൊണ്ടുവന്ന അവിശ്വാസത്തില്‍ നടന്ന വോട്ടെടുപ്പില്‍ 306 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 325 പേര്‍ എതിര്‍ത്തു.
സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതര്‍, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി) എന്നിവര്‍ അന്തിമഘട്ടത്തില്‍ മേയുടെ രക്ഷയ്‌ക്കെത്തി. ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് ഈ സഭയില്‍ തെളിഞ്ഞതിനു വളരെയധികം സന്തോഷമുണ്ടെന്ന് മേ പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷ ഉറപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ സര്‍ക്കാര്‍ തുടരും. ഈ സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുകയെന്നുള്ളത് നമ്മെ സംബന്ധിച്ച് വളരെ പ്രയാസകരമാണ്. ഇതു പരസ്പര ഭിന്നതയുണ്ടാക്കും. ഐക്യമുണ്ടാക്കേണ്ട ഘട്ടത്തില്‍ പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പുണ്ടാക്കുക. മുന്നോട്ടേക്കുള്ള നീക്കത്തിന് തടസമായി അതു മാറുമെന്ന് അവര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വിശ്വാസം ഉറപ്പിച്ചതോടെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങാനുള്ള ശ്രമങ്ങളുമായി യു.കെ സര്‍ക്കാര്‍ മുന്നോട്ടുപോകും. നിലവിലെ കരാറില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കരാറില്ലാതെ യൂറോപ്പില്‍നിന്ന് പിന്‍വാങ്ങുന്ന സാഹചര്യം ഒഴിവാക്കാനായി പൊതുസമ്മതത്തില്‍ എത്തിച്ചേരാനുള്ള ശ്രമം സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ തുടരും. അതിനിടെ ബ്രക്‌സിറ്റില്‍ ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി എം.പിമാരെ ക്ഷണിച്ചു.
ഇന്നലെ പ്രാദേശിക സമയം രാത്രി ഏഴിനാണ് വോട്ടെടുപ്പ് നടന്നത്. ഇതിനു മുന്‍പ് അവിശ്വാസത്തിന്മേല്‍ ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംവാദം നടന്നിരുന്നു. ഉച്ചയ്ക്ക് ഒന്നിനാണ് അവിശ്വസത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്.
കഴിഞ്ഞ ദിവസം കരാറില്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 230 വോട്ടിനാണ് പരാജയപ്പെട്ടത്. 432 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 202 പേര്‍ പിന്തുണച്ചു. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിലെ 118 എം.പിമാരും കരാറിനെ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."