വാര്‍ഡിയുടെ ഡബിളില്‍ ലെയ്‌സ്റ്റെര്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ ലിവര്‍പൂളിനെതിരേ നിലവിലെ ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ ജയം സ്വന്താക്കിയത്. ജാമി വാര്‍ഡിയുടെ ഇരട്ട ഗോളുകളാണ് ടീമിന് വമ്പന്‍ ജയം നേടിക്കൊടുത്തത്.
മത്സരത്തിന് മുന്‍പ് കോച്ച് ക്ലൗഡിയോ റാനിയേരിയെ പുറത്താക്കിയതിലൂടെ ഉണ്ടായ വിവാദങ്ങളില്‍ മുങ്ങി കുളിച്ചാണ് ടീം കളത്തിലിറങ്ങിയത്. എന്നാല്‍ അതൊന്നും കളത്തില്‍ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടമായിരുന്നു ലെസ്റ്ററിന്റേത്. താല്‍ക്കാലിക കോച്ച് ക്രെയ്ഗ് ഷേക്‌സ്പിയറിന്റെ തന്ത്രങ്ങളുമായാണ് ലെയ്‌സ്റ്റെര്‍ കളി തുടങ്ങിയത്.
വാര്‍ഡിയും ഡാനി ഡ്രിങ്ക്‌വാട്ടറും ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍ തുടക്കത്തില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ചു. ഷിന്‍ജി ഒക്കസാക്കിയെ ടീമിലുള്‍പ്പെടുത്തിയത് മുന്നേറ്റങ്ങളെ നല്ല രീതിയില്‍ സഹായിച്ചു. ഏഴാം മിനുട്ടില്‍ ഒക്കസാക്കിയുടെ മികച്ചൊരു ഹെഡ്ഡര്‍ സൈമന്‍ മിഗ്നോലെറ്റ് അസാമാന്യ മികവോടെ സേവ് ചെയ്തു. ഈ നീക്കത്തോട് കൂടി ലിവര്‍പൂളിന്റെ പ്രതിരോധം കൂടുതല്‍ ദുര്‍ബലമായി.
വാര്‍ഡിയുടെ ചില നീക്കങ്ങള്‍ ലിവര്‍പൂള്‍ നിരയെ പ്രതിരോധത്തിലാക്കി. 28ാം മിനുട്ടില്‍ വാര്‍ഡി ടീമിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഡ്രിങ്ക്‌വാട്ടര്‍ നല്‍കിയ പാസുമായി മുന്നേറിയ വാര്‍ഡി ലിവര്‍പൂള്‍ പ്രതിരോധത്തിന് യാതൊരവസരവും നല്‍കാതെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഡിസംബര്‍ 10ന് ശേഷം താരത്തിന്റെ പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
തൊട്ടുപിന്നാലെ കുട്ടീഞ്ഞോയുടെ മികച്ചൊരു മുന്നേറ്റം ലെയ്‌സ്റ്റെര്‍ ഗോളി സേവ് ചെയ്തു. 39ാം മിനുട്ടില്‍ ലെയ്‌സ്റ്റെര്‍ ലീഡ് ഉയര്‍ത്തി. ലെസ്റ്റര്‍ താരങ്ങളുടെ മുന്നേറ്റം ജെയിംസ് മില്‍നര്‍ തടുത്തിട്ടെങ്കിലും പന്ത് ലഭിച്ച് ഡ്രിങ്ക്‌വാട്ടര്‍ 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു.
രണ്ടാം പകുതിയില്‍ മികച്ച ന ീക്കങ്ങളുമായി ലിവര്‍പൂള്‍ തിരിച്ചെത്തിയെങ്കിലും ഫിനിഷ് പോരായ്മ ടീമിന് തിരിച്ചടിയായി. 60ാം മിനുട്ടില്‍ വാര്‍ഡി തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. റിയാദ് മെഹ്‌റസും ക്രിസ്റ്റ്യന്‍ ഫുച്ചസും നടത്തിയ മുന്നേറ്റത്തില്‍ ലഭിച്ച ക്രോസില്‍ നിന്നാണ് താരത്തിന്റെ ഗോള്‍ പിറന്നത്.
എട്ടു മിനുട്ടുകള്‍ക്ക് കുട്ടീഞ്ഞോയിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് മികവിലേക്ക് ഉയരാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."