വെള്ളമില്ല; ജനറല്‍ ആശുപത്രിയില്‍ 50ലേറെ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: വെള്ളമില്ലാത്തതിനെ തുടര്‍ന്നു തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അമ്പതോളം രോഗികളുടെ ശസ്ത്രക്രിയ മാറ്റിവെച്ചു. രോഗികളില്‍ പലര്‍ക്കും അനസ്‌തേഷ്യ നല്‍കിയതിനു ശേഷമാണ് ശസ്ത്രക്രിയ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചത്.ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്ന് പുലര്‍ച്ചെ തന്നെയെത്തിയ നിരവധി പേര്‍ ഇതു കാരണം ദുരിതത്തിലായി.
ആഴ്ചകള്‍ കാത്തിരുന്നാണ് പലര്‍ക്കും ശസ്ത്രക്രിയക്കുള്ള തീയതി കിട്ടിയത്. എല്ലാം ശരിയായെന്ന് കരുതി ഓപറേഷന്‍ തിയറ്ററിലെത്തി രണ്ടുമണിക്കൂര്‍ കാത്തിരുന്നപ്പോഴാണ് ശസ്ത്രക്രിയ നടക്കില്ലെന്ന് അറിയുന്നത്. ഒരാഴ്ചമുമ്പ് എ.സി അടക്കമുള്ള ഉപകരണങ്ങള്‍ കേടായതിനാല്‍ അന്നും ശസ്ത്രക്രിയ മാറ്റിയിരുന്നു.
ഓപ്പറേഷന്‍ തിയറ്ററിനോട് ചേര്‍ന്നാണ് പുതിയ മെഡിക്കല്‍ കോളജിന്റെ പണി പുരോഗമിക്കുന്നത്. ഇതാണ് പൈപ്പുപൊട്ടാനും എ.സി ഉള്‍പ്പെടെ കേടാകാനും കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കോര്‍പറേഷനും ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറിനുശേഷം വെള്ളം എത്തിച്ചെങ്കിലും ശസ്ത്രക്രിയകള്‍ നടത്താനായില്ല.
വിവരമറിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി. ആശുപത്രിയിലെ എല്ലാ അപര്യാപതതകളും പരിഹരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നടപടിയെടുക്കും.നറല്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ആധുനിക ചികിത്സാ സംവിധാനം ഒരുക്കും.
നിലവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. ജീവിതശൈലി രോഗങ്ങളെ അകറ്റാന്‍ ഗവേഷണ പഠനങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഒമ്പതാം വാര്‍ഡ് പദ്ധതി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായി രീതിയില്‍ തുറന്നുകൊടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിശ്വനാഥന്‍, സൂപ്രണ്ട് കൃഷ്ണകുമാര്‍, ആര്‍.എം.ഒ സ്റ്റാന്‍ലി, ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."