സൊസൈറ്റി ഗ്രൗണ്ട് പണയം വയ്ക്കാന്‍ നീക്കം: നഗരസഭാ കൗണ്‍സിലില്‍ പ്രതിഷേധം
വടകര: താഴെ അങ്ങാടി സൊസൈറ്റി ഗ്രൗണ്ട് പി.എം.എ.വൈ പദ്ധതിക്ക് ഫണ്ട് കണ്ടെത്താനായി പണയംവയ്ക്കാനുള്ള നീക്കത്തില്‍ നഗരസഭാ യോഗത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. സൊസൈറ്റി ഗ്രൗണ്ട് വിഷയത്തില്‍ ചെയര്‍മാന്‍ വഞ്ചന തുടരുന്നുവെന്നതിന്റെ തെളിവാണ് പുതിയ നീക്കമെന്ന് മുസ്‌ലിം ലീഗിലെ എന്‍.പി.എം നഫ്‌സല്‍ പറഞ്ഞു. സൊസൈറ്റി ഗ്രൗണ്ട് സ്റ്റേഡിയമാക്കി മാറ്റാന്‍ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കി പ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് നഗരസഭയെന്നും നഫ്‌സല്‍ കുറ്റപ്പെടുത്തി. സൊസൈറ്റി ഗ്രൗണ്ട് വിഷയത്തില്‍ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം തുടര്‍ച്ചയായി അട്ടിമറിക്കുകയാണെന്ന് ടി.ഐ നാസര്‍ പറഞ്ഞു. സൊസൈറ്റി ഗ്രൗണ്ട് പണയംവയ്ക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്നും സൗകര്യപ്രദമായ മറ്റു സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എം.എ.വൈ ഫണ്ട് തിരിച്ചുകിട്ടാത്ത ഫണ്ടാണെന്നും സൊസൈറ്റി ഗ്രൗണ്ട് പണയംവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് നഗരസഭ പിന്‍മാറണമെന്നും പി.എം മുസ്തഫ ആവശ്യപ്പെട്ടു. നഗരസഭാ യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് ടി. കേളുവും പണയംവയ്ക്കാന്‍ മറ്റു ആസ്തികള്‍ തേടണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം സൊസൈറ്റി ഗ്രൗണ്ട് പണയംവയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചെയര്‍മാന്‍ മറുപടിയായി പറഞ്ഞു. രേഖകള്‍ പൂര്‍ണമായ ആസ്തികള്‍ ആയതിനാലാണ് താഴെ അങ്ങാടി സൊസൈറ്റി ഗ്രൗണ്ട്, നഗരസഭയുടെ കൈവശമുള്ള കുറുമ്പയില്‍ കാര്‍ഷിക നഴ്‌സറി എന്നീ സ്ഥലങ്ങള്‍ ഈടായി വയ്ക്കാന്‍ പരിഗണിച്ചതെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു. ചെയര്‍മാന്റെ നിര്‍ദേശത്തോട് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ വിയോജിച്ചപ്പോള്‍ തന്നെ അജണ്ട പാസാക്കുന്നതായി പറഞ്ഞ് ചെയര്‍മാന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ ഇറങ്ങിപ്പോയത് മര്യാദകേടാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. എം.പി അഹമ്മദ്, എം.പി ഗംഗാധരന്‍, പി.കെ ജലാല്‍, പി. ഗിരീഷന്‍, കെ.എം ബുഷ്‌റ, പി. അശോകന്‍, കെ.പി സമീറ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."