മതിയായ ജീവനക്കാരില്ല; പാസ്‌പോര്‍ട്ട് സേവനം ലഭിക്കാതെ മടങ്ങിയത് നൂറുകണക്കിന് പ്രവാസികൾ
ജിദ്ദ: സഊദിയിലെ ജിസാനില്‍ പാസ്‌പോര്‍ട്ട് സേവനത്തിനെത്തിയ ഇന്ത്യക്കാരോട് അവഗണന. സേവനം ലഭിക്കാതെ മടങ്ങേണ്ടിവന്നത് നിരവധി പേര്‍ക്ക്. മാസത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന കോണ്‍സല്‍ സര്‍വീസിനായി നൂറുകണക്കിന് കിലോമീറ്റര്‍ അകലെ നിന്നും വന്നവര്‍ക്കാണ് അധികൃതരുടെ അനാസ്ഥ കാരണം സേവനം ലഭിക്കാതെ മടങ്ങേണ്ടിവന്നത്. തിരക്കിന് ആനുപാതികമായി മതിയായ ജീവനക്കാരില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ആരോപണം.
അതേസമയം സേവനം ലഭിക്കാതെ ആര്‍ക്കും തിരിച്ചുപോകേണ്ടിവന്നിട്ടില്ലെന്നും ടോക്കണ്‍ കൊടുത്ത എല്ലാവര്‍ക്കും സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും പാസ്‌പോര്‍ട്ട് ആന്‍ഡ് വിസാ വിഭാഗം കോണ്‍സല്‍ ഷാഹില്‍ ഷര്‍മ പറഞ്ഞു.
356 പാസ്‌പോര്‍ട്ട് സേവനങ്ങളും 40 അറ്റസ്റ്റേഷനും ചെയ്തിരുന്നു.
കോണ്‍സുലേറ്റ് പ്രതിനിധി ജഗ് മോഹന്‍ ഉള്‍പെടെ 17 (വിഎഫ്‌എസ് 11, വെഗാ 5) ഉദ്യോഗസ്ഥരും സേവനത്തിനുണ്ടായിരുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി. കോണ്‍സല്‍ സര്‍വീസിന്റെ സുതാര്യതയ്ക്കും രേഖകളുടെ സൂക്ഷ്മതയ്ക്കുമായാണ് സേവനം വി എഫ് എസില്‍ മാത്രം ക്രമീകരിച്ചതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സംഘടനാ വക്താക്കള്‍ പറയുന്നത് ഇങ്ങനെയാണ്;
അപേക്ഷ സമര്‍പ്പിക്കാനും മറ്റും വര്‍ഷങ്ങളായി സഹായിച്ചിരുന്ന കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങളും സംഘടനാ വൊളന്റിയര്‍മാരും സൗജന്യമായി സഹായിച്ചുവരികയായിരുന്നു. ഈ ആഴ്ച മുതല്‍ പ്രസ്തുത സേവനം വേണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടനകള്‍ക്കും മറ്റും സര്‍ക്കുലര്‍ നല്‍കി. എന്നാല്‍, ഇതിന് ആനുപാതികമായി ജീവനക്കാരെ വയ്ക്കാത്തതാണ് പ്രശ്‌നമായത്.
രണ്ട് വി എഫ് എസ് ഉദ്യോഗസ്ഥരും കോണ്‍സുലേറ്റ് പ്രതിനിധിയുമാണ് സാധാരണ എത്താറുള്ളതെങ്കിലും സൗജന്യമായി തന്നെ ഓണ്‍ലൈന്‍ അപേക്ഷ തയാറാക്കിയും രേഖകളുടെ പകര്‍പ്പെടുത്തുകൊടുത്തും സഹായിക്കാനും സംഘടനാ വൊളന്റിയര്‍മാരുണ്ടായിരുന്നതിനാല്‍ 420 പേര്‍ക്കുവരെ ഒരു ദിവസം സേവനം നല്‍കിയിരുന്നു.
ഇതിന് ആവശ്യമായ കംപ്യൂട്ടറും പ്രിന്ററുമെല്ലാം സംഘടനകള്‍ തന്നെയാണ് കൊണ്ടുവന്നിരുന്നത്. അതുകൊണ്ടുതന്നെ അപേക്ഷ പൂരിപ്പിക്കാനും പകര്‍പ്പെടുക്കാനുമുള്ള തുക വ്യക്തികള്‍ക്ക് ലാഭിക്കാമായിരുന്നു. ടോക്കണ്‍ നല്‍കിയവരെ അകത്തു ഇരുത്തിയ ശേഷം നമ്പർ അനുസരിച്ച് വിളിക്കുകയാണ് അന്ന് ചെയ്തിരുന്നതെന്നും സംഘടനാ നേതാവ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ദൂരെ ദിക്കുകളില്‍നിന്നും പുലര്‍ച്ചെ അഞ്ചു മണിക്ക് എത്തി ക്യൂ നില്‍ക്കുന്നവരില്‍ പലര്‍ക്കും 10.30നാണ് അകത്തേക്കു കടക്കാന്‍ പറ്റിയത്. കുറച്ചുപേര്‍ക്കു മാത്രം ടോക്കണ്‍ കൊടുത്ത് ബാക്കിയുള്ളവരെ പുറത്തുനിര്‍ത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ക്യൂ റോഡിലേക്കും നീണ്ടു.
കൊടും തണുപ്പിലും ചൂടിലും ഇത്രയധികം നേരം പുറത്തുനില്‍ക്കാന്‍ സാധിക്കില്ലെന്നും സേവനത്തിന് എത്തിയവര്‍ വ്യക്തമാക്കി. നേരത്തെ സംഘടനകള്‍ സൗജന്യമായി നല്‍കിയിരുന്ന സേവനമായ അപേക്ഷ പൂരിപ്പിക്കാനും പകര്‍പ്പെടുക്കാനും 31 റിയാല്‍ അധികമായി നല്‍കേണ്ടിവരുന്നതായും പ്രവാസി മലയാളികള്‍ ചൂണ്ടിക്കാട്ടി. വാഹന സൗകര്യം പോലുമില്ലാതെ പലരെയും ആശ്രയിച്ചും വന്‍തുക ടാക്‌സിക്ക് നല്‍കിയും എത്തിയവര്‍ക്കാണ് മടങ്ങിപ്പോകേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."