കമ്മിഷണര്‍ക്കെതിരേ പോസ്റ്റ്; പൊലിസുകാരന് പൊലിസ് സേനയുടെ ലൈക്ക്
കോഴിക്കോട്: ഹര്‍ത്താല്‍ നേരിടുന്നതില്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലിസുകാരനെതിരേ നടപടി വരാനിരിക്കെ സേനയിലടക്കം അഭിനന്ദനപ്രവാഹം. പൊലിസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെ ഫോണില്‍ വിളിച്ചും നേരിട്ടും അഭിനന്ദിച്ചവരില്‍ ഏറെയും പൊലിസ് വകുപ്പില്‍ നിന്നാണെന്നത് ശ്രദ്ധേയം. പോസ്റ്റ് വന്ന് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പരിചയമില്ലാത്ത 200 പൊലിസ് ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത്. ഫേസ്ബുക്കില്‍ ലൈക്കും ഷെയറും ചെയ്യാന്‍ സാധിക്കാത്ത പൊലിസുകാര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ക്രൈംബ്രാഞ്ചില്‍ പൊലിസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്നിന്റെ നടപടി ഗുരുതര അച്ചടക്കലംഘനമാണെന്ന് കണ്ടെത്തുമ്പോഴും പൊലിസ് സേനയില്‍ ഇദ്ദേഹത്തിനു കൈയടി കൂടുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനായിരുന്നു. പോസ്റ്റില്‍ സര്‍ക്കാരിനെതിരേ ഒന്നും പറയുന്നില്ലെന്നും പൊലിസ് സേനയ്‌ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നില്ലെന്നുമാണു പിന്തുണയുമായി രംഗത്തെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്. പൊലിസ് സേനയിലെ ഒരു ഉദ്യോഗസ്ഥന്റെ നടപടിയെ മാത്രമാണ് ചോദ്യം ചെയ്തിട്ടുള്ളതെന്നും അവര്‍ ഊന്നിപ്പറയുന്നു. ഉമേഷ് നിലകൊള്ളുന്ന യൂനിയന്‍ പരസ്യമായി രംഗത്തുവരാന്‍ തയാറായിട്ടില്ലെങ്കിലും രഹസ്യമായി പിന്തുണക്കുന്നുണ്ടെന്നാണറിവ്. ഹര്‍ത്താലിനെ നേരിടുന്നതില്‍ വീഴ്ചപറ്റിയ പൊലിസ് കമ്മിഷണര്‍ താഴെക്കിടയില്‍ ജോലി ചെയ്യുന്നവരെ ശിപായിമാരെ പോലെയായിരുന്നു കണ്ടിരുന്നതെന്ന ആക്ഷേപവും ഉണ്ട്. കമ്മിഷണറെ വ്യക്തിപരമായി പോലും ഉമേഷിന് അറിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് വ്യക്തിവിരോധം ഉണ്ടാകേണ്ട കാര്യവുമില്ല. എസ്. കാളിരാജ് മഹേഷ് കുമാറിന്റെ പേരുപോലും പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനവും പരിഹാസവും. സേനക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന നടപടിയാണ് ഉമേഷിന്റേതെന്ന അഭിപ്രായവും ഇവര്‍ക്കില്ല. നേരത്തെയും എഫ്.ബിയില്‍ വിവാദ കുറിപ്പുകള്‍ എഴുതിയതിന്റെ പേരില്‍ ഉമേഷ് അന്വേഷണം നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."