മലപ്പുറം വനിതാ കോളജ്: ഭൂമികൈമാറ്റ നടപടികള്‍ ഇഴയുന്നു
മലപ്പുറം: മലപ്പുറത്ത് ആരംഭിച്ച സര്‍ക്കാര്‍ വനിതാ ആര്‍ടസ് ആന്റ് സയന്‍സ് കോളജിന് സ്ഥലം വിട്ടുകിട്ടുന്ന നടപടികള്‍ മന്ദഗതിയില്‍. പാണക്കാട് ഇന്‍കെല്‍ എഡ്യൂസിറ്റിയില്‍ വ്യവസായ വകുപ്പിന്റെ അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിറക്കിയിട്ടുണ്ടെങ്കിലും ഇത് കോളജ് വിദ്യാഭ്യാസ വകുപ്പിന് വിട്ടു നല്‍കുന്നതിനുള്ള നടപടികളാണ് ഇഴയുന്നത്. ഭൂമി അളന്നു തിട്ടപ്പെടുത്തി സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട പ്രൊപ്പോസലുകള്‍ ജില്ലാ കലക്ടര്‍, ലാന്‍ഡ് റവന്യൂ കമിഷണര്‍ വഴി സര്‍ക്കാരില്‍ സമര്‍പ്പിക്കണം. ഒരു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഓരോ ഓഫിസിലും വളരെ മന്ദഗതിയിലാണ് ഫയല്‍ നീങ്ങി കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കലക്ടര്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് പി.ഉബൈദുള്ള എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനു മറുപടിയായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ള അധ്യാപക തസ്തികകളും അനധ്യാപക തസ്തികകളും സൃഷ്ടിക്കുന്നതിനുള്ള അപേക്ഷയും സര്‍ക്കാറിന്റെ പരിഗണനയിലാണ്. 2015-16 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ച കോളജ് ഇപ്പോള്‍ മലപ്പുറം കോട്ടപ്പടിയിലുള്ള ഗവ .ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. കോളജിന് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍കെല്‍ എജ്യൂസിറ്റിയില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇതുവരെ വ്യവസായ വകുപ്പില്‍ നിന്നും ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് വിട്ടുകൊടുക്കാന്‍ നടപടിയായിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഭൂമി കൈമാറിയാല്‍ മാത്രമേ കെട്ടിട നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. 2015-16 വര്‍ഷം എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് പോലും ഇതുവരെയും തയ്യാറാക്കിയിട്ടില്ല.
നാല് കോഴ്‌സുകളാണ് കോളജില്‍ അനുവദിച്ചിട്ടുള്ളത്. ഇപ്പോള്‍ രണ്ടു ബാച്ചുകളിലായി ഈ കോഴ്‌സുകളില്‍ 289 കുട്ടികള്‍ പഠിക്കുന്നുണ്ട്. ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ട ഒരു സ്‌പെഷ്യല്‍ ഓഫിസറും ഒരു ക്ലര്‍ക്കും പതിമൂന്ന് വകുപ്പുകളിലായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട പതിനഞ്ച് അധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. പ്രിന്‍സിപ്പലിന്റെ തസ്തിക പോലും ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇതുമൂലം കുട്ടികളുടെ പഠനപാഠ്യേതര രംഗങ്ങളിലും ഓഫിസ് പ്രവര്‍ത്തനങ്ങളിലും വളരെയധികം പ്രയാസങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. കോളജിന്റെ സുഗമമായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അധ്യാപക അനധ്യാപകരുടെ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."