മെഡിക്കല്‍ കോളജ് കാന്‍സര്‍ സെന്റര്‍; കിടത്തിച്ചികിത്സയില്ലെങ്കില്‍ രോഗികള്‍ വലയും
സലീം മൂഴിക്കല്‍
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജിന് ഏറെ പ്രത്യാശ നല്‍കുന്ന പുതിയ കാന്‍സര്‍ സെന്ററില്‍ കിടത്തിച്ചികിത്സ തുടങ്ങിയില്ലെങ്കില്‍ രോഗികള്‍ വലയും. നിലവില്‍ ഒ.പിയും പരിശോധനകളും പുതിയ കെട്ടിടത്തിലും കിടത്തിച്ചികിത്സ ഒന്നര കിലോമീറ്റര്‍ അകലെയുള്ള സാവിത്രി സാബു കെട്ടിടത്തിലുമായതാണ് അര്‍ബുദ രോഗികള്‍ക്ക് വിനയാകുന്നത്. അതേസമയം, പ്രശ്‌നം പരിഹരിക്കാന്‍ പുതിയ കെട്ടിടത്തിന്റെ മുകളില്‍ കിടത്തിച്ചികിത്സക്കുള്ള വാര്‍ഡ് നിര്‍മിക്കാന്‍ എം.കെ രാഘവന്‍ എം.പി സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടി. പുതിയ കാന്‍സര്‍ സെന്ററിലെ ഒ.പിയിലെത്തുന്ന രോഗിക്ക് അഡ്മിറ്റ് നിര്‍ദേശിക്കുമ്പോള്‍ കിടത്തിച്ചികിത്സക്കായി അവശനായ രോഗിയെയും കൊണ്ട് ബന്ധുക്കള്‍ പഴയ കെട്ടിടത്തിലേക്കു പോകേണ്ട സ്ഥിതിയാണു നിലവിലുള്ളത്. ഒ.പി ദിവസങ്ങളില്‍ അതതു യൂനിറ്റിലെ ഡോക്ടര്‍മാരെ കാണേണ്ട രോഗികള്‍ ഒന്നര കിലോമീറ്റര്‍ താണ്ടി പുതിയ കെട്ടിടത്തിലെത്തണം. ഒ.പി കഴിഞ്ഞ ശേഷം വാര്‍ഡുകളില്‍ റൗണ്ട്‌സ് നടത്തേണ്ട ഡോക്ടര്‍മാരും കൃത്യസമയത്ത് വാര്‍ഡിലെത്താന്‍ ബുദ്ധിമുട്ടുകയാണ്. ആധുനിക രീതിയിലുള്ള കാന്‍സര്‍ സെന്ററിന്റെ സൗകര്യങ്ങളോടൊപ്പം കിടത്തിച്ചികിത്സ കൂടി ഇവിടേക്ക് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.
കഴിഞ്ഞ നവംബര്‍ 24നാണ് മൂന്നുനില കെട്ടിടത്തിലുള്ള കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. അര്‍ബുദ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണു കാന്‍സര്‍ സെന്റര്‍ പണിതത്. ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍ തുടങ്ങി പത്തോളം അത്യാധുനിക ഉപകരണങ്ങളും മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരു സമുച്ചയത്തിനു കീഴില്‍ വരുന്നുവെന്ന പ്രത്യേകതയും കാന്‍സര്‍ സെന്ററിനുണ്ട്. എന്നാല്‍, ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും കിടത്തിച്ചികിത്സയില്ലാത്തത് രോഗികളെ പ്രയാസപ്പെടുത്തുകയാണ്.
കാന്‍സര്‍ സെന്ററിന്റെ മുകളില്‍ വാര്‍ഡ് നിര്‍മിച്ച് അവിടെ കിടത്തി ചികിത്സ ആരംഭിക്കാനുള്ള സഹായം തേടി എം.കെ രാഘവന്‍ എം.പി കാരശ്ശേരി ബാങ്ക്, മലബാര്‍ ഗോള്‍ഡ്, ടാറ്റാ ഗ്രൂപ്പ് എന്നിവരെ സമീപിച്ചിരിക്കുകയാണ്. പ്രതിവര്‍ഷം 85,000 രോഗികള്‍ ചികിത്സക്കായി ഇവിടുത്തെ ഒ.പിയിലെത്തുന്നുണ്ട്. ഓരോ വര്‍ഷവും 5,000 പുതിയ രോഗികളും ചികിത്സ തേടി മെഡിക്കല്‍ കോളജിലെത്തുന്നു.
ചികിത്സയുടെ കാര്യത്തില്‍ അടിയന്തര പ്രാധാന്യമുള്ള വിഭാഗമാണ് അര്‍ബുദ രോഗികളെന്നും ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായം മാത്രം കാത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും എം.കെ രാഘവന്‍ പറഞ്ഞു.
സ്വകാര്യ പങ്കാളിത്തത്തോടെയാണെങ്കിലും കാന്‍സര്‍ സെന്ററില്‍ കിടത്തിച്ചികിത്സിക്കാവശ്യമായ നടപടികള്‍ക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."