കെ.എം.സി.സി, യൂത്ത് ലീഗ് നേതാക്കൾ കൈകോർത്തു; നിയമ കുരുക്കിലകപ്പെട്ട് ദുരിതത്തിലായ ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു
റിയാദ്: നിയമ കുരുക്കിലകപ്പെട്ട് വർഷങ്ങളായി നാടണയാനാവാതെ ദുരിതത്തിലായ ഇന്ത്യക്കാരനെ റിയാദ് കെ.എം.സി.സിയുടെയും യൂത്ത് ലീഗ് നേതാക്കളുടെയും സമയോചിതമായ ഇടപ്പെടലിലൂടെ നാട്ടിലെത്തിക്കാനായി.
മഹാരാഷ്ട്ര സ്വദേശി ശൈഖ് അബ്ദുൽ അസീസ് അബ്ദുറഹ്മാനാണ് കഴിഞ്ഞ ദിവസം കൊച്ചി വഴി മുംബൈയിലെത്തിയത്. കഴിഞ്ഞ 30 വർഷമായി റിയാദിലുള്ള അബ്ദുൽ അസീസിനെ വർഷങ്ങൾക്ക് മുമ്പ് സ്പോൺസർ ‘ഹുറൂബ്’ ആക്കിയിരുന്നു. പ്രമേഹവും രക്ത സമ്മർദ്ദവുമടക്കം പല വിധ അസുഖങ്ങളുണ്ടായിരുന്ന അബ്ദുൽ അസീസ് സ്പോൺസറുമായി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
പിന്നീട് തർഹീൽ വഴി നാട്ടിൽ പോകാനുള്ള ശ്രമം തുടങ്ങി. എന്നാൽ ഇദ്ദേഹത്തിന്റെ പേരിൽ രണ്ട് വാഹനങ്ങളുണ്ടായി രുന്നതിനാൽ ആ നീക്കം വിജയിച്ചില്ല. തുടർന്നാണ് റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ
സിദ്ദീഖ് തുവ്വൂർ വിഷയത്തിലിടപ്പെടുന്നത്. അബ്ദുൽ അസീസിനെയും കൂട്ടി സുവൈദി ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചതിനെ തുടർന്ന് അവർ വാദിലബൻ ട്രാഫിക്ക് പോലീസിലേക്കും മലാസ് മുനിസിപ്പാലിറ്റിയിലേക്കും കത്ത് നൽകി. വാഹന സംബന്ധമായ വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ സിദ്ദീഖ് നടത്തി വരുന്നതിനിടയിലാണ് ബത്തയിൽ വെച്ച് ചെക്കിംഗിനിടെ അസീസ് ജവാസാത്തിന്റെ പിടിയിലാവുകയും
ജയിലിലാവുകയും ചെയ്യുന്നത്. വാഹന സംബന്ധമായ വിഷയങ്ങൾ ഇതിനകം പരിഹരിക്കാനായതിനാൽ തർഹീലിൽ നിന്നും ഏറെ വൈകാതെ എക്സിറ്റ് അടിച്ചു കിട്ടി. എന്നാൽ
പ്രായക്കൂടുതലും അസുഖങ്ങളും മൂലം ഏറെ പ്രയാസപ്പെട്ടിരുന്ന അബ്ദുൽ അസീസിന് കൊച്ചിയിലേക്കുള്ള യാത്ര ടിക്കറ്റായിരുന്നു അധികൃതർ നൽകിയത്. ഇതെ തുടർന്ന് സിദ്ദീഖ് എറണാകുളം കെ.എം.സി.സി ജനറൽ സെക്രട്ടറി ഉസ്മാൻ പരീതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെ കൊച്ചിയിൽ നിന്നും മുംബൈയിലെത്തിക്കാനാവശ്യമായ സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും യൂത്ത് ലീഗ് നേതാക്കളായ കബീർ നാട്ടേക്കാട്, സി.എം അഷ് റഫ് എന്നിവരിടപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു. കൊച്ചി വിമാനത്താവളത്തിലെത്തിയ അബ്ദുൽ അസീസിനെ പിന്നീട് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്രയക്കാൻ ശ്രമിച്ചെങ്കിലും ഒറ്റക്ക് യാത്ര ചെയ്യാനായില്ല. പിന്നീട് മഹാരാഷ്ട്രയിൽ നിന്നും ഭാര്യയും ബന്ധുവും എത്തിയതിന് ശേഷമാണ് യൂത്ത് ലീഗ് നേതാക്കളുടെ സഹായത്തോടെ അബ്ദുൽ അസീസ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."