HOME
DETAILS

ലൗ ജിഹാദ്: സിറോ മലബാര്‍ സഭയോട് പറയാനുള്ളത്

  
backup
February 08 2020 | 21:02 PM

love-jihad-in-kerala

 

 

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ ആധികാരികമായി സ്ഥിരീകരിച്ചിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ബി.ജെ.പി സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ സാഹചര്യത്തില്‍, നാളിതുവരെ മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വച്ചുകൊണ്ട് നുണകള്‍ പടച്ചുവിടുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്ത നിക്ഷിപ്ത താല്‍പര്യക്കാര്‍ നിരുപാധികം ഈ സമൂഹത്തോട് മാപ്പു പറയുകയാണ് ആദ്യം വേണ്ടത്.
എങ്കില്‍ പോലും ഒരു പതിറ്റാണ്ട് കൊണ്ട് ഈ നുണ സമൂഹത്തില്‍ വരുത്തിയ ആഘാതത്തിന്റെ മുറിവ് അത്ര പെട്ടന്ന് ഉണങ്ങുമെന്നു കരുതുന്നില്ല. എന്നാല്‍ സിറോ മലബാര്‍ സഭ, കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനു ശേഷവും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയും ആവര്‍ത്തിക്കുകയുമാണു ചെയ്യുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലനില്‍പ്പു പോലും ചോദ്യം ചെയ്യപ്പെടുന്ന നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി പൗരത്വ പ്രക്ഷോഭങ്ങളില്‍ അണിനിരക്കുമ്പോഴാണ് സഭയുടെ ഈ പുറകില്‍ നിന്നുള്ള കുത്തല്‍ എന്നോര്‍ക്കണം. പിന്തുണച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്ന നിലപാട് സ്വീകരിക്കാനുള്ള സമചിത്തത സഭാ നേതൃത്വത്തിന് ഇല്ലാതെ പോയതില്‍ അത്ഭുതമുണ്ട്.
മുസ്‌ലിം പുരുഷനും അമുസ്‌ലിം സ്ത്രീയും തമ്മിലുള്ള പ്രണയബന്ധങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ മതപരിവര്‍ത്തന നീക്കങ്ങളുണ്ടെന്നും അതിനായി വലിയൊരു സംഘം തന്നെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് 'ലൗ ജിഹാദ്' ആരോപിക്കുന്നവര്‍ 2009 മുതല്‍ തങ്ങളുടെ മാധ്യമങ്ങള്‍ വഴി സ്ഥാപിക്കാന്‍ ശ്രമിച്ചത്. യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ ലൗ ജിഹാദ് ഇരകളുടെ എണ്ണം ഇതുസംബന്ധിച്ച വാര്‍ത്തകളില്‍ എഴുതിപ്പിടിപ്പിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സമൂഹത്തില്‍ വെറുപ്പിന്റെ പ്രചാരകരായി. ഓരോ ലേഖകന്‍മാരുടെയും ഭാവനാ ശേഷിക്കനുസരിച്ച് ഈ കഥകള്‍ക്കു പുതിയ രൂപവും ഭാവവും ഭീകരതയും കൈവന്നു. 4,000 പേര്‍ നാലു വര്‍ഷത്തിനിടെ റോമിയോ ജിഹാദ് വഴി ഇസ്‌ലാം സ്വീകരിച്ചുവെന്ന് 'കേരള കൗമുദി' എഴുതിയപ്പോള്‍ 'മലയാള മനോരമ' കണ്ടെത്തിയത് 2,866 പേരെയായിരുന്നു. അതോടൊപ്പം 'ഹിന്ദു ജനജാഗ്രതി' പോലുള്ള സംഘ്പരിവാര്‍ അനുകൂല പോര്‍ട്ടലുകളും ഈ നുണ ഏറ്റെടുത്തതോടെ ആരോപണങ്ങള്‍ക്ക് ദേശീയ മാനം കൈവന്നു. ലൗ ജിഹാദ് വഴി ദക്ഷിണ കര്‍ണാടകയിലെ 3,000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണാടകയിലുടനീളം 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടുവെന്ന കണക്കുമായാണ് ഈ പോര്‍ട്ടല്‍ വന്നത്. ഗീബല്‍സിയന്‍ സിദ്ധാന്തം അക്ഷരാര്‍ഥത്തില്‍ പലരും ചേര്‍ന്നു നടപ്പാക്കുകയായിരുന്നു.


എന്നാല്‍, അധികം വൈകാതെ ഈ ആരോപണങ്ങള്‍ കോടതിയിലുമെത്തി. 2009 സെപ്റ്റംബറില്‍ പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി, ലൗ ജിഹാദിനെ കുറിച്ചും ഇതിന്റെ രാജ്യാന്തര, തീവ്രവാദ ബന്ധങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അതേവര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സമാനമായ സ്ഥിരീകരണമാണ് ഹൈക്കോടതിയില്‍ നല്‍കിയത്. തുടര്‍ന്നുവന്ന കേരള ഹൈക്കോടതി വിധിയില്‍ ലൗ ജിഹാദ് അടിസ്ഥാനരഹിതമായ ആരോപണമാണെന്നു 2009ല്‍ തന്നെ സ്ഥിരീകരിച്ചതാണ്. ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കേസാണിതെന്ന് ജസ്റ്റിസ് എം. ശശിധരന്‍ തന്റെ ഉത്തരവില്‍ വ്യക്തമാക്കുകയും അന്വേഷണങ്ങള്‍ സ്റ്റേ ചെയ്യുകയും ചെയ്തു.
ഹിന്ദു ജനജാഗ്രതിയുടെ ആരോപണങ്ങളും കഴമ്പില്ലാത്തതാണെന്ന് തുടക്കത്തില്‍ തന്നെ തെളിയിക്കപ്പെട്ടിരുന്നു. ദക്ഷിണ കര്‍ണാടക പൊലിസ് ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കുകയുണ്ടായി. 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തതെന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്നവരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പൊലിസ് വ്യക്തമാക്കി. ചുരുക്കത്തില്‍, തുടക്കത്തില്‍ തന്നെ ഈ ആരോപണങ്ങളുടെയെല്ലാം വസ്തുത അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ തുറന്നു കാണിക്കപ്പെട്ടതാണ്. അതോടെ അവസാനിക്കണമായിരുന്നു ഈ കുപ്രചാരണങ്ങള്‍. എന്നാല്‍ പിന്നെയും ഒരു ദശാബ്ദക്കാലം ഈ പെരും നുണ പലപ്പോഴായി ആവര്‍ത്തിക്കപ്പെട്ടു.


ഏറെ പ്രമാദമായ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹ കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ സമഗ്രമായ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 89 മിശ്രവിവാഹങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം 2018 ഒക്ടോബര്‍ 18നു ദേശീയ അന്വേഷണ ഏജന്‍സി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ സാക്ഷാല്‍ അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിലും ലൗ ജിഹാദിനെ തള്ളിയതോടെ ഈ കള്ളക്കഥകളുടെ ശവപ്പെട്ടിക്കുമേല്‍ അവസാന ആണിയും അടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.


ഏകദേശം 50 ലക്ഷം വരുന്ന ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ നേതൃത്വമാണ് സിറോ മലബാര്‍ സഭ. സത്യസന്ധതയായിരിക്കണം ഏതൊരു ആത്മീയ നേതൃത്വത്തെയും മുന്നോട്ടു നയിക്കേണ്ട അടിസ്ഥാന തത്വങ്ങളിലൊന്ന്. രാജ്യത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും കോടതികളും സര്‍ക്കാരുകളും പലതവണ നിഷേധിച്ച ഒരു കള്ളപ്രചാരണം ആവര്‍ത്തിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണെന്ന് അറിയാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്ത വല്ല തെളിവുകളും സഭയുടെ കൈവശമുണ്ടെങ്കില്‍ അവ പുറത്തുവിടാന്‍ ഇനിയും മടിക്കുന്നതെന്തിനാണ്? രാജ്യത്തെ നിയമസംവിധാനങ്ങളും കോടതികളും തെളിവില്ലാതെ ഉഴറുന്ന കേസില്‍ തെളിവു നല്‍കാനുള്ള സുവര്‍ണാവസരം ഉപയോഗപ്പെടുത്തുന്നതിനു പകരം, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി, പുകമറ സൃഷ്ടിച്ച് ഇപ്പോഴും ഈ പഴകിപ്പുളിച്ച ആരോപണം ആവര്‍ത്തിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ?


ജനുവരിയില്‍ ചേര്‍ന്ന സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡിനു മുന്‍പാകെ, സഭയ്ക്കകത്ത് വിശ്വാസികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഭൂമി ഇടപാട്, ലൈംഗിക പീഡനം തുടങ്ങിയ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ക്കു മറുപടിയില്ലാതെ നട്ടംതിരിയുന്നതിനിടയില്‍ ലൗ ജിഹാദ് പൊടിതട്ടിയെടുത്തത് ഈ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന പൊതുസമൂഹത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നവയാണ് സഭയുടെ ഓരോ നീക്കങ്ങളും.
ലൗ ജിഹാദ് ആരോപിച്ചുകൊണ്ടുള്ള സിനഡാനന്തര സര്‍ക്കുലറില്‍ സഭ പറയുന്ന 21 പേരുകളില്‍ ആകെ നാലു പേരാണ് ക്രിസ്ത്യാനികളായിട്ടുള്ളത്. അതില്‍ തന്നെ മെറിന്‍ ജേക്കബ് എന്ന യുവതി പ്രണയിച്ച് വിവാഹം കഴിച്ച ബെസ്റ്റിന്‍ വിന്‍സന്റ് ക്രിസ്ത്യനായിരുന്നു. ഒരു ക്രിസ്ത്യന്‍ യുവതി അതേ മതത്തില്‍പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഇരുവരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത ഈ കേസില്‍ ഇരുവരെയും ലൗ ജിഹാദിന്റെ ഇരകളാക്കിയാണ് സഭ സര്‍ക്കുലറില്‍ നാലു പേരുടെ എണ്ണം തികയ്ക്കുന്നത്. ഇവരില്‍ ആര് ആരെ ലൗ ജിഹാദ് നടത്തിയെന്ന ചോദ്യം പ്രസക്തമാണ്. രണ്ടുപേരും പരസ്പരം ലൗ ജിഹാദ് നടത്തിയെന്നാകും സഭയുടെ ഉത്തരം!. മറ്റൊരാള്‍ ബെസ്റ്റിന്റെ സഹോദരനാണ്. സര്‍ക്കുലറില്‍ പറഞ്ഞ നാലു പേരില്‍ ഇനി ശേഷിക്കുന്നത് ഒരേയൊരു പെണ്‍കുട്ടിയാണ്. ഇതാണ് സഭയുടെ പക്കലുള്ള മൊത്തം കണക്കിന്റെ വസ്തുത. ഈ കണക്കുവച്ചാണ് ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി രംഗത്തുവരുന്നത്.
ഇനി സംഘടിതമായി മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണമെങ്കില്‍ കണക്കുകള്‍ ഇവിടെ കൃത്യമായി പരിശോധിക്കാം. കേരള ഗസറ്റ് പ്രകാരം 2011 മുതല്‍ 2017 വരെ സംസ്ഥാനത്ത് മതം മാറിയവരുടെ എണ്ണം ഇപ്രകാരമാണ്:


ആകെ മതം മാറിയവര്‍ 8,334 പേര്‍.
അതില്‍ ഹിന്ദു മതത്തിലേക്ക് മതം മാറിയത് 4,968 പേര്‍ (59.6 ശതമാനം).
ഇസ്‌ലാമിലേക്ക് 1,864 പേര്‍ (22.3 ശതമാനം).
ക്രിസ്തു മതത്തിലേക്ക് 1,496 പേര്‍ (17.9 ശതമാനം).


കേരളത്തിലെ ജനസംഖ്യാ സമവാക്യം നോക്കിയാല്‍ പോലും ഇസ്‌ലാമിലേക്കുള്ള മതംമാറ്റം ആനുപാതികമായി കുറവാണെന്നിരിക്കെ എവിടെയാണ് അസ്വാഭാവികതയുള്ളത് ? രസകരമായ കാര്യം, ഇക്കാലയളവില്‍ 4,756 ക്രിസ്ത്യാനികളാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിതരായത്. അതില്‍ 2,224 പേര്‍ ക്രിസ്ത്യന്‍ സ്ത്രീകളാണ്. അതായത്, മതംമാറ്റം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ഏതൊരു പൗരനും ഇഷ്ടമുള്ള വിശ്വാസം തിരഞ്ഞെടുക്കാമെന്നു മാത്രമല്ല, ആ വിശ്വാസം പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നിരിക്കെ ഈ മതംമാറ്റങ്ങളോ മതപരിവര്‍ത്തനങ്ങളോ തെറ്റല്ല. എന്നാല്‍ തുടക്കംമുതല്‍ തന്നെ മതപരിവര്‍ത്തനങ്ങള്‍ക്കെതിരേ വര്‍ഗീയവിഷം ചീറ്റുന്ന സംഘ്പരിവാറിന്റെ കൂടെ ചേര്‍ന്ന് ക്രിസ്ത്യന്‍ സഭകള്‍ മുസ്‌ലിം സമുദായത്തെ കടന്നാക്രമിക്കുന്നത് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുള്ളതു കൊണ്ടാണോ ?


മിഷണറി പ്രവര്‍ത്തനം നടത്തിയതിന് ആസ്‌ത്രേലിയക്കാരനായ ഗ്രഹാം സ്റ്റൈന്‍ കുടുംബത്തോടൊപ്പം ചുട്ടെരിക്കപ്പെട്ടത് കൃത്യം 21 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. മദര്‍ തെരേസയെ പോലും വിഷലിപ്തമായ വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കുന്ന സംഘ്പരിവാറിന്റെ കൂടെ നിന്നാല്‍ സ്വന്തം കാര്യമെങ്കിലും സുരക്ഷിതമാക്കാമെന്ന് സഭ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഗോള്‍വാള്‍ക്കറുടെ 'വിചാര ധാരയില്‍' മുസ്‌ലിമിനും കമ്മ്യൂണിസ്റ്റിനും ക്രിസ്ത്യാനിക്കും സ്ഥാനം ദേശത്തിന്റെ ശത്രുക്കളുടെ പട്ടികയിലാണ്. സംഘ്പരിവാറിന്റെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ പോലും കര്‍ണാടകയില്‍ യേശുവിന്റെ വെണ്ണക്കല്‍ പ്രതിമ സ്ഥാപിക്കാനുള്ള ക്രിസ്ത്യന്‍ വിശ്വാസികളുടെ നീക്കം തടഞ്ഞിരിക്കുകയാണു സംഘ്പരിവാര്‍. മാത്രമല്ല, ഇടതുകൂടാരം വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ അല്‍ഫോന്‍സ് കണ്ണന്താനത്തെ പുതിയ മന്ത്രിസഭയില്‍നിന്ന് തഴഞ്ഞത് ഏതാനും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് സഹായം ചെയ്തുവെന്ന കാരണം പറഞ്ഞാണ്. എത്രതന്നെ കൂടെ നടന്നാലും അവര്‍ നിങ്ങളെ കാണുന്നത് 'വിചാര ധാര'യിലൂടെയാണെന്നു ചുരുക്കം.


ഇന്ത്യന്‍ ഫാസിസം അതിന്റെ മുഴുവന്‍ ഭീകരതയും പുറത്തെടുത്തിരിക്കുന്ന സാഹചര്യമാണിത്. നാസി ജര്‍മ്മനിയില്‍ റൈക്ക് പൗരത്വ നിയമമെന്നു പേരിട്ട ആ നിയമം വഴി ജര്‍മ്മന്‍ പൗരത്വത്തിന് അര്‍ഹതയുള്ളവരെയും പുറന്തള്ളപ്പെടേണ്ടവരെയും കൃത്യമായി തരംതിരിച്ചതു പോലെ ഇന്ത്യയിലെ ഫാസിസ്റ്റുകളും പൗരത്വ രജിസ്റ്ററുമായി വന്നിരിക്കുന്നു. ജൂതര്‍ മറ്റു ജര്‍മ്മന്‍ യുവതികളെ പ്രണയം നടിച്ച് ചതിയില്‍പെടുത്തുന്നു എന്ന നാസി സിദ്ധാന്തം ലൗ ജിഹാദ് എന്നപേരില്‍ നമ്മുടെ രാജ്യത്തുമെത്തിയിരിക്കുന്നു. കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ക്കു കളമൊരുക്കാന്‍ ഡിറ്റന്‍ഷന്‍ ക്യാംപുകളും തയാറായിരിക്കുന്നു. മതേതര ഇന്ത്യയുടെ അവസാനത്തെ പിടച്ചിലില്‍, ഈ കെട്ടകാലത്തു പോലും ഇരകളാക്കപ്പെടുന്നവരെ കൂടെനിര്‍ത്താതെ വേട്ടക്കാരുടെ കൂടെയാണ് സഭ നില്‍ക്കുന്നതെങ്കില്‍ കേവലം മുപ്പത് വെള്ളിക്കാശിനു യേശുവിനെ ഒറ്റിയ യൂദാസിനേക്കാള്‍ തരംതാഴുകയല്ലേ നിങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago