വയനാട് മെഡിക്കല്‍ കോളജ് അട്ടിമറി നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
കല്‍പ്പറ്റ: വയനാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വയനാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജിനായി കല്‍പ്പറ്റ-മടക്കിമലയില്‍ ഏറ്റെടുത്ത ഭൂമിയില്‍ പ്രകൃതി ദുരന്ത സാധ്യതയുണ്ടെന്ന പ്രചാരണം നടത്തിയ കോളജ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. 2015 ജൂലൈ 12ന് ശിലാസ്ഥാപനം നടത്തിയ മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പോലും ഇടതു സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ചന്ദ്രപ്രഭാ ട്രസ്റ്റ് സൗജന്യമായി നല്‍കിയ സമയത്ത് തന്നെ ഈ ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിന് സി.പി.എം എതിരായിരുന്നു. സി.പി.എമ്മിന്റെ അന്നത്തെ താല്‍പര്യം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഈ ഭൂമിയില്‍ കോളജ് നിര്‍മിച്ചാല്‍ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാകുമെന്ന വ്യാജ പ്രചാരണം നടത്തി കോളജ് ഇവിടെ നിന്നും മാറ്റാന്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്നും യൂത്തി ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് പറഞ്ഞു.
ആരോഗ്യ രംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ ആദിവാസികളടക്കം ആയിരക്കണക്കിന് ആളുകളാണ് മറ്റു ജില്ലകളിലെ ആതുരാലയങ്ങളെ ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയില്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളജിന് ആദ്യ ഘട്ടത്തില്‍ 69 കോടി രൂപയും അനുവദിച്ചു. കോളജിലേക്കുള്ള റോഡ് നിര്‍മാണത്തിന് മൂന്ന് കോടി രൂപയും വകയിരുത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ മൂന്ന് ബജറ്റ് അവതരിപ്പിച്ചെങ്കിലും വയനാട് മെഡിക്കല്‍ കോളജിന് ഒരു രൂപ പോലും വകയിരുത്തിയില്ലെന്നും മുന്‍സര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കാന്‍ നടപടിയെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചു.
വ്യാജ പ്രചാരണം നടത്തി കോളജ് അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും കോളജ് വിഷയത്തിലുണ്ടായിട്ടുള്ള അവ്യക്തതകള്‍ നീക്കാന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ജില്ലാ ഭരണകൂടവും ജനങ്ങളോട് യഥാര്‍ഥ അവസ്ഥയെ കുറിച്ച് വിശദികരണം നല്‍കണം. അട്ടിമറി നീക്കം സംബന്ധിച്ച് മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മരം, കല്ല്, മണ്ണ്, കാപ്പി തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ വസ്തു വകകളാണ് മെഡിക്കല്‍ കോളജ് ഭൂമിയില്‍ നിന്ന് ഇതിനകം മോഷണം പോയത്. എന്നാല്‍ പ്രതികളെ കണ്ടെത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ലെന്നും വിഷയത്തില്‍ അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."