ബസിനുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
വിഴിഞ്ഞം: അവിഹിത ബന്ധത്തെ ചൊല്ലി കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ ഭര്‍ത്താവ് ഭാര്യയും തമ്മില്‍ വാക്കേറ്റം. അരിശം മൂത്ത ഭര്‍ത്താവ് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.
കണ്ടുനിന്ന യാത്രക്കാര്‍ ഭര്‍ത്താവിനെ കൈകാര്യം ചെയ്ത ശേഷം പൊലിസില്‍ ഏല്‍പ്പിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഭാര്യ വീട്ടിലും ഭര്‍ത്താവ് ലോക്കപ്പിലുമായി.
വലിയതുറ ഡോണ്‍ബോസ്കോ റോഡില്‍ തുണ്ടുവിളാകം പുരയിടത്തില്‍ യേശുദാസും (38) ,ഭാര്യ ടെസി(29)യുമാണ് ബസിനുള്ളില്‍ തമ്മിലടിച്ചത്. ടെസിയുടെ വീട്ടില്‍ നിന്നും യേശുദാസിന്റെ വീട്ടിലേക്ക് പോകാന്‍ പൂവാറില്‍ നിന്നും തിരുവനന്തപുരം ബസില്‍ കയറിയതായിരുന്നു ഇരുവരും. കയറിയപാടെ പരപുരുഷ ആരോപണവും പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെയും തുടര്‍ന്ന് തമ്മിലടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാരില്‍ ചിലര്‍ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. വിഴിഞ്ഞം ആഴാകുളത്തിന് സമീപം ബസ് എത്തിയപ്പോള്‍ അരിശം മൂത്ത യേശുദാസ് മീന്‍ വല മുറിക്കാനുപയോഗിക്കുന്ന ചെറിയ കത്തി കൊണ്ട് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു. ഇതോടെ യാത്രക്കാര്‍ ചാടിയെഴുന്നേറ്റു. പിന്നെ ഇടിയുടെ പൊടിപൂരമായിരുന്നു.
വിവരമറിഞ്ഞ് കോവളത്തു നിന്ന് പൊലിസെത്തിയാണ് യേശുദാസിനെ യാത്രക്കാരില്‍ നിന്നും മോചിപ്പിച്ചത്. പരുക്കേറ്റ ടെസിയെ പൊലിസ് വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സക്ക് ശേഷം ബന്ധുക്കളെ വരുത്തി യുവതിയെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."