അരീക്കോട് താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങുന്നു
അരീക്കോട്: കാത്തിരിപ്പിനൊടുവില്‍ അരീക്കോട് താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാനുള്ള നടപടികള്‍ ആരംഭിക്കുന്നു. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തിലാണ് താലൂക്കാശുപത്രിക്ക് പുതുജീവന്‍ നല്‍കുന്ന തീരുമാനമുണ്ടായത്. 2013 ഡിസംബര്‍ മാസത്തില്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് അത്യാഹിത വിഭാഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പച്ചക്കൊടി കാട്ടിയത്. താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് സുപ്രഭാതം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങിയാല്‍ പല സ്വകാര്യ ആശുപത്രികള്‍ക്കും അത് വലിയ തിരിച്ചടിയാവുമെന്നും ഇവിടെ അത്യാഹിത വിഭാഗം തുടങ്ങാതിരിക്കാന്‍ സ്വകാര്യ ആശുപത്രി ഉടമകള്‍ ഭരണ കര്‍ത്താക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഉച്ചക്ക് ഒന്നുവരെയുള്ള ഒ.പി പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ ആശുപത്രി കാലിയാകുകയാണ് പതിവ്. അരീക്കോട് ടൗണില്‍ തന്നെ സ്ഥിതി ചെയ്യുന്ന ആശുപത്രി ആയതിനാല്‍ അപകടം സംഭവിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്രയിക്കാവുന്ന രൂപത്തില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം തുടങ്ങണമെന്ന ദീര്‍ഘ കാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
താലൂക്കാശുപത്രിക്ക് പുറമെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി പറഞ്ഞു. ആരോഗ്യത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം കൃഷി, ശുചിത്വം, കുടിവെള്ളം എന്നീ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് 2017, 18 കാലയളവിലേക്കുള്ള വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി ഹംസ, വൈസ് പ്രസിഡന്റ് കെ.ടി സുബൈദ, സി അബ്ദുറഹിമാന്‍ മാസ്റ്റര്‍, സി.പി ശ്രീധരന്‍ നായര്‍, ശ്രീപ്രിയ, വി.പി റഹൂഫ്, ഇ.ടി രാകേഷ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."