ലോറി എ.ടി.എം കൗണ്ടറിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരുക്ക്
മണ്ണഞ്ചേരി: മെറ്റല്‍ കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് എ.ടി.എം കൗണ്ടറില്‍ ഇടിച്ചു കയറി സെക്ക്യൂരിറ്റി ജീവനക്കാരനും ഡ്രൈവര്‍മാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞദിവസം പുലര്‍ച്ചേ രണ്ടരയോടെയായിരുന്നു അപകടം. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് സമീപമുള്ള അന്‍വര്‍ സാദത്തിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെഡറല്‍ ബാങ്കിന്റെ എ.ടി.എമ്മിലേക്കാണ് ടോറസ് ലോറി ഇടിച്ചു കയറിയത്.
സെക്യൂരിറ്റി ജീവനക്കാരന് മണ്ണഞ്ചേരി പാടത്തില്‍ കുഞ്ഞുമോന് (63), ഡ്രൈവര്‍മാരായ പത്തനംതിട്ട സ്വദേശികളായ ബൈജു (35), സതീശന് (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലിന് സാരമായ പരുക്ക് പറ്റിയ കുഞ്ഞുമോനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കത്ത്നിന്നു ഹരിപ്പാട്ടേക്ക് മെറ്റലുമായി പോകുകയായിരുന്ന ടോറസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലും വൈദ്യുത പോസ്റ്റും സമീപത്തെ സ്ഥാപനത്തിന്റെ ബോര്‍ഡും തകര്‍ത്താണ് എ.ടി.എം കൗണ്ടറിലേക്ക് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗവും ഫ്ളോറിങ്ങും എ.ടി.എം കൗണ്ടറും പൂര്‍ണമായും തകര്‍ന്നു. എ.ടി.എം കൗണ്ടറിന് മുന്പില് ഇരിക്കുകയായിരുന്ന കുഞ്ഞുമോന് തെറിച്ചു വീഴുകയായിരുന്നു. ഇയാളുടെ സ്കൂട്ടറും ടോറസ് കയറി തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."