കാര്‍ഡ്‌ബോര്‍ഡില്‍ തീര്‍ക്കുന്ന കലാവിസ്മയം
മനുഷ്യന്റെ ഒഴിവ് സമയം എന്തിന് ഉപയോഗപ്പെടുത്തുന്നുവെന്നത് വലിയ കാര്യമാണ്. പലരും അതൊരു ഒഴിഞ്ഞ സമയമായി മാത്രം കണക്കാക്കുമ്പോള്‍ മറ്റു പലര്‍ക്കുമതാണ് ജീവിതത്തിന്റെ അമൂല്യ സമയം. അത് ഭംഗിയോടെ ഉപയോഗിക്കുമ്പോള്‍ അവര്‍ അവരായിത്തീരുന്നു. കോഴിക്കോട് ജില്ലയിലെ പടനിലം കളരിക്കണ്ടി കാക്കാട്ട് തറവാട്ടിലെ മൂസക്കോയ- മൈമൂന ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനായ സിനാന്റെ ഒഴിവുസമയം അങ്ങനെയാണ്. തന്റെ കഴിവ് തിരിച്ചറിഞ്ഞ്, മിനിയേച്ചര്‍ നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചിരിക്കുകയാണ് സിനാന്‍.
ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാരന്തൂര്‍ മര്‍കസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന സിനാന്റെ 'നിര്‍മാണ ഫാക്ടറി' പ്രവര്‍ത്തിക്കുന്നത്. ബാല്യം തൊട്ടേ ഇങ്ങനെയുള്ള കലാവിരുതുകളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അന്നെല്ലാം കളിമണ്ണായിരുന്നു നിര്‍മാണത്തിനു വേണ്ടി തെരഞ്ഞെടുത്തിരുന്നത്. മണ്ണപ്പ പ്രായത്തിലെ കുഞ്ഞുകുസൃതികള്‍ മാത്രമായാണ് അന്ന് ബന്ധുക്കള്‍ ഇതിനെ കണ്ടിരുന്നതും.
പിന്നീടാണ് സിനാന്‍ മറ്റു വസ്തുക്കള്‍ കൊണ്ട് ചെറുവാഹനങ്ങള്‍ ഒറിജിനലിനെ വെല്ലുംവിധത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ തുടങ്ങിയത്. ലോറിയും ടിപ്പറും ബസും ജീപ്പും കാറുമെല്ലാം സിനാന്റെ കൈകളില്‍ പിറവികൊണ്ടു. കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ള ഈ പരീക്ഷണത്തില്‍ സിനാന്‍ പൂര്‍ണവിജയം കൈവരിച്ചു. അത് വീട്ടുകാരും നാട്ടുകാരും അംഗീകരിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ജനുവരി 19ന് തറവാട്ടില്‍ കുടുംബസംഗമം നടക്കുന്ന വിവരം പിതാവ് സിനാനെ അറിയിക്കുന്നത്. കാക്കാട് തറവാട് വീടിന്റെ രൂപം ഉണ്ടാക്കിയാല്‍ കൊള്ളാമെന്ന ആശയവും പങ്കുവച്ചു. അതോടെ സിനാന്‍ അതിനു വേണ്ടിയുള്ള ഒരുക്കത്തിലായി. അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സാധാരണ ഇത്തരം വീടിന്റെ രൂപം ഉണ്ടാക്കണമെങ്കില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ അതിനായി ഇരുന്നാല്‍ പോലും ഏകദേശം 25 ദിവസമെങ്കിലും വേണ്ടിവരുമെന്ന് സിനാന്‍ പറയുന്നു. സ്‌കൂളില്‍ പോയി ഒഴിവുകിട്ടുന്ന നേരത്താണ് താന്‍ നിര്‍മാണത്തിന് തെരഞ്ഞെടുക്കുന്നതെന്നിനാല്‍ ആറു മാസക്കാലമെടുത്തു ഈ കുഞ്ഞുവീടുയരാന്‍. കാര്‍ഡ് ബോര്‍ഡുകളും ചെറിയ കമ്പി കഷണങ്ങളും ഫെവികോള്‍ പശയും ഉപയോഗിച്ചാണ് കാക്കാട് തറവാട് ഉണ്ടാക്കി ശ്രദ്ധേയനായത്. ഈ വീട് കുടുംബ സംഗമത്തിന്റെ അന്ന് രാവിലെ സംഗമം പന്തലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
നല്ല സമയമെടുത്ത് തന്നെയാണ് ഓരോ നിര്‍മാണവും നടക്കുന്നത്. കുഞ്ഞുലോറി നിര്‍മിച്ചെടുക്കാന്‍ രണ്ടുമാസം വേണ്ടിവന്നു. മൂത്ത സഹോദരന്‍ അല്‍ഫാസും സിനാന്റെ വഴിയേ രൂപനിര്‍മാണരംഗത്തുണ്ട്. ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ രൂപവും അല്‍ഫാസ് നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."