മനുഷ്യക്കടത്ത്: വീടുകളില്‍ അന്വേഷണ സംഘത്തിന്റെ പരിശോധന
കോവളം: മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യ സൂത്രധാരകന്‍മാരെന്ന് കരുതുന്ന ശ്രീകാന്തന്‍ ,മുട്ടയ്ക്കാട് സ്വദേശി അനില്‍ കുമാര്‍ എന്നിവരുടെ വീടുകളില്‍ അന്വേഷണ സംഘത്തിന്റെ പരിശോധന. പരിശോധനയില്‍ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുകളുമടക്കം നിരവധി രേഖകള്‍ പിടികൂടി. ശ്രീശാന്തന്‍ താമസിച്ചിരുന്ന വെങ്ങാനൂര്‍ വെണ്ണിയൂരിലെ പരുത്തിവിളയിലെ വീട്ടില്‍ നിന്നാണ് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രേഖകള്‍ ലഭിച്ചതെന്നാണ് സൂചന.
ഒരു പാസ്‌പോര്‍ട്ട്, നിരവധി ഐ.ഡി കാര്‍ഡുകള്‍, വീട്ടിലെ സി.സി.ടി.വി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ചില രേഖകളുമാണ് കണ്ടെത്തിയത്. ഈ വീട്ടിലെ ഒരു റൂമില്‍ നിരവധി ബാഗുകളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ പെട്ട കുന്നത്തു നാട് എസ്.ഐ ദിലീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇന്നലെ രാത്രി ഏഴുമണിയോടെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിനടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
വീടിനു മുന്നില്‍ പേപ്പറുകള്‍ കൂട്ടിയിട്ടു കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ പ്രമുഖ വസ്ത്രശാലയില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു മടക്കം വസ്ത്രങ്ങള്‍ വാങ്ങിയ വന്‍ തുകയ്ക്കുള്ള ബില്ലും പൊലിസിനു കിട്ടിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ കോവളത്തെത്തിയ അന്വേഷണ സംഘം ശ്രീകാന്തന്റെ ബന്ദുക്കള്‍ വാടകക്ക് താമസിച്ചിരുന്നുവെന്ന് കരുതുന്ന ഉച്ചക്കട നന്നം കുഴിയിലെ മറ്റൊരു വീട്ടിലും അനില്‍ കുമാറിന്റെ മുട്ടയ്ക്കാട്ടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കൂടാതെ കോവളത്തെ സെന്‍ട്രല്‍ ബാങ്കിലും സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലുമെത്തി പണമിടപാടുമായി ബന്ദപ്പെട്ട രേഖകള്‍ പരിശോധിച്ചിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ശ്രീകാന്തന്‍ 30 ലക്ഷം രൂപ മുടക്കി ഇരുനില വീട് വാങ്ങിയതെന്ന് പൊലിസ് പറഞ്ഞു. സമീപവാസികളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു.ശ്രീകാന്തന് തുണി ബിസിനസ് എന്നാണ് സമീപവാസികളോട് പറഞ്ഞിരിക്കുന്നത്.
പിതാവും, ഭാര്യയും, ഭാര്യയുടെ മാതാവും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളുമൊത്താണ് ഇവിടെ താമസിച്ചിരുന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു. സമീപവാസികളോട് അധികം ഇടപെടാറില്ലായിരുന്നു. ഇവിടെ ധാരാളം പേര്‍ വന്നു പോയിരുന്നതായും ഇക്കഴിഞ്ഞ ഏഴിന് സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം 20 ഓളം പേര്‍ ഇവിടെ ഉണ്ടായിരുന്നതായും രാത്രി 9.30നു ശേഷം ഒരു ടെമ്പോ ട്രാവലര്‍ ഇവിടെ വളരെ സമയം കിടന്നിരുന്നതായും പരിസരവാസികള്‍ പറഞ്ഞു. എറണാകുളത്തേക്ക് യാത്ര പോകണമെന്നാണ് ഡ്രൈവര്‍ പറഞ്ഞതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
ശ്രീകാന്തന് വീട് വാങ്ങുന്നതിന് ഇടനിലക്കാരനായിരുന്ന പ്രദേശവാസിയെയും പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്. രാത്രി വൈകിയും പൊലിസ് പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."