ആക്രമണം അറിയിച്ചിട്ടും എത്താന്‍ വൈകി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെ.സി.ബി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ റൂറല്‍ എസ്.പി നടപടിയെടുത്തത്.
കാട്ടാക്കട പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ അനില്‍കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഹരികുമാര്‍, ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞമാസം അവസാനമായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടാക്കട സ്വദേശിയായ സംഗീത് (37) ആണ് മണ്ണ്മാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജെ.സി.ബി ഉപയോഗിച്ച് പ്രതികളുള്‍പ്പെടെ മണ്ണ് നീക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഗീത് രാത്രി 12.45 ന് പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് പൊലിസ് സ്ഥലത്തെത്തിയത്. പൊലിസ് കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് സംഗീതിന്റെ ഭാര്യ ഉള്‍പ്പെടെ ആരോപിച്ചിരുന്നു. യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആക്രമണ വിവരം സ്റ്റേഷനില്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ പൊലിസ് എത്താന്‍ ഒന്നര മണിക്കൂര്‍ വൈകിയെന്നും തന്നെയായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് റൂറല്‍ എസ്.പി പൊലിസുകാര്‍ക്കെതിരേ ശിക്ഷണ നടപടി സ്വീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസന്വേഷണത്തിലും പൊലിസിനെതിരേ സംഗീതിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നതും പ്രഹസനമായിരുന്നെന്ന ആക്ഷേപവും ശക്തമാണ്.
പ്രതിപ്പട്ടികയിലുള്ള എട്ട് പേരെ ഇതോടെ പൊലിസ് പിടികൂടിയിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍, ജെ.സി.ബി ഓടിച്ച വിജിന്‍, ടിപ്പര്‍ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുന്‍, ഇവരെ സഹായിച്ച ലാല്‍കുമാര്‍, അനീഷ്, ബൈജു എന്നിവരാണ് പിടിയിലായ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."