ജൈവ വൈവിധ്യങ്ങളുടെ അത്ഭുത കാഴ്ചകളുമായി അഗസ്ത്യാര്‍ കൂട യാത്ര തുടങ്ങി
സാറ മുഹമ്മദ്. എസ്
നെടുമങ്ങാട്: ജൈവ വൈവിധ്യങ്ങളുടെ കലവറ ആയ അഗസ്ത്യാര്‍ മലനിരകളില്‍ അത്ഭുത കാഴ്ചകളുമായി സഞ്ചാരികളുടെ യാത്ര ആരംഭിച്ചു.
രാത്രികാലങ്ങളിലെ കോച്ചിപ്പിടിക്കുന്ന തണുപ്പും, കോട മഞ്ഞും, മഞ്ഞ പട്ടുപുതച്ച പുലര്‍ച്ചെയും, ചാറ്റല്‍ മഴയും, പാറ കെട്ടുകളും, കാട്ടരുവികളും, കാട്ടു മൃഗങ്ങളും, വന്യ മൃഗങ്ങളുടെ അലര്‍ച്ചയും, കിലോമീറ്ററോളം പുല്‍മേടുകളും, ജൈവ സസ്യങ്ങളുടെ അപൂര്‍വ കാഴ്ചകളും, ഔഷധ സസ്യങ്ങളെ തലോടി വീശിയെത്തുന്ന ശുദ്ധ വായുവും,ചെങ്കുത്തായ മലമ്പാതകളും എല്ലാം ആസ്വാദിച്ചും കണ്ടറിഞ്ഞും അടുത്തിടപഴകിയും ഒരു യാത്ര. അതാണ്
സാഹസികതയും, വിശ്വാസവും, വിനോദവും ഒരുമിച്ചു കൂടുന്ന അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര.ഈ വര്‍ഷം അഗസ്ത്യര്‍ മലനിരകളില്‍ യാത്രക്ക് സ്ത്രീ സാന്നിധ്യവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മല കയറി ഇറങ്ങിയ നൂറു പേരടങ്ങുന്ന സംഘത്തോടൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയരക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫിസറുമായ ധന്യ സനലാണ് അഗസ്ത്യാര്‍കൂടത്തിലെ ആദ്യട്രക്കിങ് സംഘത്തിലുണ്ടായിരുന്ന വനിത.
എല്ലാ ദിവസവും രാവിലെ ഏഴിന് വിതുരയില്‍ നിന്നും ബോണക്കാട് ചെക്ക് പോസ്റ്റിലെത്തുന്ന യാത്രക്കാരെ രജിസ്‌ട്രേഷനും മറ്റു പരിശോധനകള്‍ക്കും ശേഷം 20 പേരടങ്ങുന്ന അഞ്ച് സംഘങ്ങളാക്കിയാണ് യാത്ര.ആകെ 100 വനിതകളാണ് ഇത്തവണ യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ആദിവാസി ഗോത്രമഹാസഭ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യസംഘം മല കയറി ഇറങ്ങുന്നത് വരെയും പ്രതിഷേധമൊന്നുമുണ്ടായില്ല.
പകരം ആദിവാസികള്‍ അവരുടെ പരമ്പരാഗത ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധയജ്ഞം നടത്തി.
മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയില്‍ ട്രക്കിങ് അനുവദിച്ചിരിക്കുന്നത്. ആകെ ബുക്ക് ചെയ്തിരിക്കുന്നത് 4700 പേരാണ്. ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം.
ദിവസവും രാവിലെ എട്ടിന് ബോണക്കാടുനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. സ്ത്രീകള്‍ക്ക് അതിരുമലയില്‍ വനംവകുപ്പ് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
രണ്ടാംദിവസം ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്താം. ഇന്ന് ആരംഭിക്കുന്ന യാത്രയില്‍ മൂന്നു സ്ത്രീകളാണ് ഉള്ളത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കും അഗസ്ത്യമല കയറാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ആചാരങ്ങളുടെ പേരില്‍ പൊതുവെ അഗസ്ത്യമലയിലേക്ക് സ്ത്രീകള്‍ക്ക് അനുവാദം നല്‍കാറില്ലായിരുന്നു.
കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട് സ്ത്രീകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു.
എന്നാല്‍ കുറേ വര്‍ഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകളടങ്ങുന്ന സംഘങ്ങള്‍ അഗസ്ത്യര്‍ മലയുടെ നെറുകയില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."