കുരീപ്പുഴ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ്; കെ.എസ്.ഐ.ഡി.സിക്ക് ഏഴ് ഏക്കര്‍ പാട്ടത്തിന് നല്കി
കൊല്ലം: കുരീപ്പുഴയില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോര്‍പറേഷന്റെ കൈവശമുള്ള ഏഴ് ഏക്കര്‍ സ്ഥലം പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് പാട്ടത്തിന് നല്കി.
28 വര്‍ഷത്തേക്കുള്ള പാട്ടക്കരാറില്‍ കോര്പറേഷന് സെക്രട്ടറി വി.ആര് രാജുവും കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി മാനേജര്‍ ജാക്സണ് ജോണും ഒപ്പുവച്ചു. പ്രതിദിനം 200ടണ്‍ ഘരമാലിന്യം സംസ്കരിക്കാവുന്നതാണ് നിര്‍ദ്ദിഷ്ട പ്ലാന്റ്. പിപിപി മാതൃകയില്‍ ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്ലാന്റിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ ഈ മാസാന്ത്യത്തോടെ ആരംഭിക്കും.
കൊല്ലം കോര്പ്പറേഷന്, കരുനാഗപ്പള്ളി, പരവൂര്‍, കൊട്ടാരക്കര നഗരസഭകളും ഏതാനും പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ മാതൃകയിലാണ് പ്ലാന്റ് വികസിപ്പിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീടുവീടാന്തരം ശേഖരിച്ച് സെക്കന്‍ഡറി ബിന്‍ ലൊക്കേഷനില്‍ എത്തിക്കുന്ന ഘരമാലിന്യം അവിടെ നിന്നും ശേഖരിച്ച് കവചിത വാഹനങ്ങളില്‍ പ്ലാന്റില്‍ എത്തിക്കേണ്ട ചുമതല സ്വകാര്യ ഏജന്‍സിക്കായിരിക്കും. ഈ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലം നഗരത്തിലും സമീപ പ്രദേശങ്ങളിലെയും ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."