ഷിഗെല്ല രോഗത്തിനെതിരേ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കൊല്ലം: വയറിളക്ക രോഗമായ ഷിഗെല്ലയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി വരെ രോഗബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മലിനജലംഭക്ഷണം എന്നിവയിലൂടെയും വ്യക്തിപരിസര ശുചിത്വമില്ലായ്മ വഴിയുമാണ് രോഗം പടരുക. വയറുവേദന, പനി, മലത്തിലൂടെ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍. മതിയായ ചികിത്സ തേടിയില്ലെങ്കില്‍ മരണ കാരണമായേക്കാം.
കുഞ്ഞുങ്ങള്‍; പ്രത്യേകിച്ച് മുലപ്പാല്‍ കിട്ടാത്തവര്‍, പോഷകാഹാര കുറവുള്ളവര്‍, പ്രായമേറിയവര്‍, അഞ്ചാംപനിയില്‍ നിന്ന് മുക്തരാകുന്നവര്‍ നിര്‍ബന്ധമായും ചികിത്സ തേടണം.
രോഗം വന്നവര്‍ക്ക് നിര്‍ജലീകരണം ഇല്ലെങ്കില്‍ പാനീയ ചികിത്സ മതിയാകും. ഉപ്പിട്ട കഞ്ഞിവെള്ളം, കടുപ്പമില്ലാത്ത തേയിലച്ചായ, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും കലര്‍ത്തിയ നാരങ്ങാവെള്ളം തുടങ്ങിയവ നല്‍കാം. കണ്ണ് കുഴിയുക, മൂത്രത്തിന്റെ അളവ് കുറയുക, രക്തസമ്മര്‍ദ്ദം താഴുക, തൊലിനാവ് വരണ്ട് ഉണങ്ങുക തുടങ്ങിയവയാണ് നിര്‍ജലീകരണ ലക്ഷണങ്ങള്‍.
വിട്ടുമാറാത്ത ഛര്‍ദ്ദി, പനി, മലത്തിലൂടെ രക്തവും പഴുപ്പും എന്നിവ കണ്ടാലുടന്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാകണം. ആഹാരത്തിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, വഴിയോരത്ത് നിന്നുള്ള ശീതള പാനീയങ്ങള്‍, ഐസ്റ്റിക്ക് തുടങ്ങിയവ ഒഴിവാക്കുക, വെളിസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക, ശുചിത്വമുള്ള അന്തരീക്ഷത്തില്‍ മാത്രം ഭക്ഷണം പാകം ചെയ്യുക ഈച്ച വന്നിരിക്കാതെ ശ്രദ്ധിക്കുക, നവജാത ശിശുക്കള്‍ക്ക് മുലയൂട്ടുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."