'മനുഷ്യനുനേരെ നീളുന്ന നന്മയുടെ കൈ'
പൊന്നാനി: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായ ഒറംഗുട്ടാന് ചിത്രത്തിനുപിന്നില്‍ പൊന്നാനി സ്വദേശി അനില്‍ ടി. പ്രഭാകര്‍.കാട്ടിലെ നദിയിലകപ്പെട്ട മനുഷ്യനുനേരെ കൈ നീട്ടുന്ന ഒറംഗുട്ടാന് കുരങ്ങിന്റെ ചിത്രമാണ് ലോകം മുഴുവനും ശ്രദ്ധിക്കപ്പട്ടത്. വന്കുരങ്ങ് വിഭാഗത്തിലെ ഏഷ്യയിലെ ഏക അംഗമായ ഒറംഗുട്ടാന് മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ളതും മനുഷ്യന് കഴിഞ്ഞാല്‍ അതീവ ബുദ്ധിശാലിയുമായ മൃഗമാണ്.
ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ ബോര്‍ണിയോ ഒറംഗുട്ടാന് സര്‍വൈവല്‍ ഫൗണ്ടേഷന് സംരക്ഷിത വനത്തില്‍ സഫാരിക്കിടയിലാണ് അനില്‍ ടി. പ്രഭാകരന് ഇത്തരമൊരു അപൂര്‍വ ചിത്രം പകര്‍ത്തി ലോകത്തിന് സമ്മാനിച്ചത്.
നദിയില്‍നിന്നു കരയ്ക്കുകയറാന്‍ ശ്രമിക്കുന്ന വൈല്‍ഡ് ലൈഫ് ഗാര്‍ഡിനുനേര്‍ക്കു കൈനീട്ടുന്ന ഒറംഗുട്ടാന്.! അപ്രതീക്ഷിതവും അവിശ്വസനീയവുമായ കാഴ്ചയില്‍ ഒരുനിമിഷം അനില്‍ സ്തബ്ധനായി. പിന്നെ ഒട്ടും വൈകാതെ ആ നിമിഷം കാമറയില്‍ പകര്‍ത്തി. 'മനുഷ്യന് നേരെ നീളുന്ന നന്മയുടെ കൈ' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം അനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇന്ന് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച തരംഗങ്ങളിലൊന്നാണിത്. ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും അറിയപ്പെടുന്ന നിരവധി ഫോട്ടോഗ്രാഫി ഗ്രൂപ്പുകളില്‍ ചിത്രം സംസാരവിഷയമായി. മുപ്പതിനായിരത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ട ചിത്രത്തിനു നിരവധി പ്രതികരണങ്ങളും ലഭിച്ചുകഴിഞ്ഞു.
ബിയോണ്ട് വിഷന്‍, ക്യാമറിന പോലുള്ള ഗ്രൂപ്പുകളുടെ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ച പൊന്നാനിക്കാരന്റെ ഈ ചിത്രം ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ റീപോസ്റ്റ് ചെയ്യപ്പെട്ടു. ഇന്തോനേഷ്യയിലെ പൊലിസ് മേധാവികളും ഗവര്‍ണറും ഫോട്ടോ പോസ്റ്റ് ചെയ്തു. രാജ്യത്തെ പരിസ്ഥിതിവാദികളും സ്റ്റുഡന്റ് ഗ്രൂപ്പ് പേജുകളും ചിത്രത്തെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നുവെന്ന് അനില്‍ പറയുന്നു. ഈ ഫോട്ടോക്കുവേണ്ടി സോളിന്,സ്വാന് പോലുള്ള പബ്ലിഷിങ്, മാര്‍ക്കറ്റിങ് കമ്പനികള്‍ അനിലിനെ സമീപിച്ചിട്ടുണ്ട്. ഫോട്ടോയ്ക്കിടയാക്കിയ നാലോ അഞ്ചോ മിനുട്ട് നീണ്ട കാഴ്ച ഉള്ളില്‍ നിറച്ച സന്തോഷവും ചിന്തയും ചെറുതൊന്നുമല്ലെന്നാണ് അനില്‍ പറയുന്നത്. സ്വന്തം വര്‍ഗത്തെയോ കൂടപ്പിറപ്പുകളെയോ സഹായിക്കാന്‍ ഒരു കൈ നീട്ടാത്ത മനുഷ്യന്, ഈ ജീവിയില്‍നിന്നു പഠിക്കാനുണ്ട്. ഇത്തരമൊരു ചിന്തയാണു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒറംഗുട്ടാനെക്കുറിച്ച് ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന ചിന്ത ഉണ്ടാക്കിയതെന്ന് അനില്‍ പ്രഭാകര്‍ പറയുന്നു. പൊന്നാനി ചെറുവായ്ക്കര സ്വദേശിയായ അനില്‍ വര്‍ഷങ്ങളായി ഇന്തോനേഷ്യയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."