അളവുതൂക്കങ്ങളില്‍ ക്രമക്കേട് രണ്ട് വര്‍ഷത്തിനിടെ 12 കോടി പിഴ
കൊണ്ടോട്ടി: സംസ്ഥാനത്ത് അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് വില്‍പ്പന നടത്തിയതിന് രണ്ട് വര്‍ഷത്തിനിടെ ലീഗല്‍ മെട്രോളജി വകുപ്പ് ഈടാക്കിയത് 12.1 കോടി രൂപ.
മത്സ്യ- മാംസ-വ്യാപാര മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലുമടക്കം നടത്തിയ പരിശോധനകളിലാണ് വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
വിപണിയില്‍ അധികവില ഈടാക്കുന്നതും കള്ളത്രാസിന്റെ ഉപയോഗവുമാണ് കൂടുതലും കണ്ടെത്താനായത്.
കഴിഞ്ഞ 2018-19 വര്‍ഷത്തില്‍ 22,042 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതുവഴി പിഴയിനത്തില്‍ 7,12,63,000 രൂപയാണ് ഈടാക്കിയത്. 2019-20 വര്‍ഷത്തില്‍ ഡിസംബര്‍ വരെ 16,055 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ പിഴയിനത്തില്‍ 4,97,46,500 രൂപയും ഈടാക്കി.
മുദ്ര പതിപ്പിക്കാത്തതും കൃത്യത ഇല്ലാത്തതുമായ ത്രാസുകള്‍ വ്യാപാരികളും വഴിയോര കച്ചവടക്കാരും വ്യാപാരത്തിന് ഉപയോഗിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തി. ഓഫിസ് രേഖകള്‍ പ്രകാരം കൃത്യത ഉറപ്പ്ുവരുത്തിയ ത്രാസുകള്‍ കൈവശം വയ്ക്കുകയും വ്യാപാരത്തിന് മറ്റ് ത്രാസുകള്‍ ഉപയോഗിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ത്രാസുകളുടെ കൃത്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നതിന്റെ രേഖകള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യപ്പെടാമെന്നാണ് നിയമമെങ്കിലും ചോദ്യം ചെയ്യാന്‍ ആരും തുനിയാറില്ല. ഇത് മുതലെടുത്താണ് പലരും തട്ടിപ്പ് നടത്തുന്നത്.
വിഷു, പെരുന്നാള്‍, ഓണം, ക്രിസ്തുമസ് സീസണ്‍ വിപണികളിലാണ് ക്രമക്കേടുകളും നിയമലംഘനങ്ങളും ഏറെയുള്ളത്. മുദ്ര വയ്ക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ക്ക് പുറമേ, ലൈസന്‍സ് പ്രദര്‍ശിപ്പിക്കാത്തതിനും, നിയമവിരുദ്ധമായ പാക്കറ്റുകളില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പിഴ ചുമത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."