നഗരത്തിലെ ട്രാഫിക് പരിഷ്കരണം: സംയുക്ത സമിതി പഠനം നടത്തും
കോഴിക്കോട്: നഗരത്തിലെ ട്രാഫിക് പരിഷ്കാരത്തിനായി പുതുതായി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുടേയും വിദഗ്ധരുടേയും സംയുക്ത സമിതി പഠനം നടത്തും. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതിയോഗത്തിന്റെതാണ് തീരുമാനം. ട്രാഫിക് സംവിധാനങ്ങള്‍ നവീകരിക്കേണ്ടതുണ്ടെന്ന പെലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കാല്‍നടക്കാര്‍ക്കുളള സുരക്ഷിതമായ സൗകര്യം, റോഡരികുകളിലെ കൈവരികള്‍, സീബ്രാക്രോസുകളുടെ പുനര്‍നിര്‍ണയം, ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നവീകരണവും പുതിയവ സ്ഥാപിക്കലും ബസ് ബേ നിര്‍മാണം, സ്പീഡ് ബ്രേക്കറുകളുടെ നിര്‍മാണവും ആവശ്യമില്ലാത്തിടങ്ങളിലുളളവയുടെ നീക്കംചെയ്യലും, തെരുവുവിളക്കുകളും, സൈന്‍ബോര്‍ഡുകളും സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പഠനം നടക്കും.
നഗരത്തില്‍ പുതിയ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കുന്നതിന് എം.എല്‍.എ ഫണ്ട് അനുവദിച്ചു കിട്ടുന്നതിനായി എം.എല്‍.എമാരെ സമീപിക്കും. വിവിധ സ്ഥലങ്ങളിലെ കേടായ സിഗ്നല്‍ ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കും. തൊണ്ടയാട് ജങ്ഷനില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ സ്ഥാപിച്ച എല്‍.ഇ.ഡി പരസ്യബോര്‍ഡ് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കും.
പാളയം ഭാഗത്ത് 20 ഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ഓട്ടോസ്റ്റാന്‍ഡ് ഒരുക്കുന്നതിനും ബേബി മെമ്മോറിയല്‍ ആശുപത്രിയ്ക്ക് സമീപത്തെ ഓട്ടോ പാര്‍ക്കിങ് മറ്റൊരിടത്തേക്ക് മാറ്റുന്നതിനും തീരുമാനമായി. നഗരത്തില്‍ 10000 ഓട്ടോ പെര്‍മിറ്റുകള്‍ക്കായി സര്‍ക്കാരില്‍നിന്ന് അനുമതി തേടാനും യോഗം തീരുമാനിച്ചു. പൊലിസ്, പി.ഡബ്യു.ഡി നിരത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."