സഊദിയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം കുത്തനെ കുറയുന്നതായി കണക്കുകൾ: മൂന്ന് വർഷത്തിനിടെ സഊദി വിട്ടത് ഏഴ് ലക്ഷത്തോളം ഇന്ത്യക്കാർ
റിയാദ്: സഊദിയിൽ നിന്നും ജോലി നഷ്ടപ്പെട്ടു ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് വിദേശ രാജ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ജോലി നഷ്ടപെടുന്ന സഊദി പ്രവാസികൾക്കാണെന്ന് വ്യക്ത്തികമാകുന്നത്. ലോകസഭയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. ചോദ്യത്തിനുത്തരമായി നൽകിയ മറുപടിയിൽ 203 രാജ്യങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇതിൽ സൗദി അറേബ്യയിൽ 25,94,947 പേരാണുള്ളതെന്നും വ്യക്തമാക്കി. മന്ത്രാലയം ലിസ്‌റ്റ് ചെയ്‌തത് പ്രകാരം ഏകദേശം ഒരു കോടി മുപ്പത്തിയാറു ലക്ഷം ഇന്ത്യക്കാരാണ് വിദേശങ്ങളിൽ ജോലി ചെയ്യുന്നത്.
ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സഊദിയാണ്. നിലവിൽ സഊദിയിൽ 25,94,947 പേരാണുള്ളതെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോകസഭയിൽ വ്യക്തമാക്കി. മൂന്നു വർഷത്തിനിടെ സഊദിയിൽ നിന്നും തിരിച്ചെത്തുയത് ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണ്. 2017 മാർച്ചിൽ 30,39,000 ഇന്ത്യക്കാരായിരുന്നു സഊദിയിലുണ്ടായിരുന്നതെന്നാണ് കണക്കുകൾ. അതേ വർഷം സെപ്റ്റംബറിൽ അത് 32,53,901 ആയി ഉയരുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഓരോ വർഷവും ഇന്ത്യക്കാരുടെ എണ്ണത്തിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തിയത്. മറ്റു ഗൾഫ് രാജ്യങ്ങളായ കുവൈത്തിൽ 10,29,861, ബഹ്‌റൈനിൽ 3,23,292, ഒമാനിൽ, 7,79,351, ഖത്തറിൽ 7,56,062 ഇന്ത്യക്കാരും നേപ്പാളിൽ 6,00,000, സിംഗപ്പൂരിൽ 3,50,000, മലേഷ്യയിൽ 2,24,882 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ കണക്ക്.
യൂറോപ്യൻ രാജ്യങ്ങളിൽ കാനഡ, ഇറ്റലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അധിവസിക്കുന്നത്. കാനഡയിൽ 1,78,410 പേരുള്ളപ്പോൾ ഇറ്റലിയിൽ 1,72,301 പേരാണ് അധിവസിക്കുന്നത്. ജർമനിയിൽ 1,08,965 പേരും ജോലി ചെയ്യുന്നുണ്ട്. ക്രൊയേഷ്യയിൽ 10 ഇന്ത്യക്കാരും കുക്ക് അയലൻഡ്, ലിച്ചെൻസ്‌റ്റൈൻ എന്നിവിടങ്ങളിൽ അഞ്ചു ഇന്ത്യക്കാരും ഉണ്ട്. മധ്യ അമേരിക്കൻ രാജ്യമായ നികരാഗ്വേയിൽ ഒരു ഇന്ത്യക്കാരൻ മാത്രമേയുള്ളൂ. ഹോളി സീ, സാൻ മറിനോ, കിരിബാത്തി, ടുവാലു, പാക്കിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങളിൽ ഒരൊറ്റ ഇന്ത്യക്കാരനുമില്ല.
ഏതാനും വർഷങ്ങളായി സഊദി നടപ്പാക്കി വരുന്ന സഊദി വൽക്കരണ പദ്ധതികൾക്ക് പുറമെ 2017 മുതൽ സഊദി അറേബ്യയിൽ നടപ്പാക്കിയ വിദേശികൾക്കുള്ള ലെവിയും വിദേശികൾക്ക് സഊദിയിൽ നിന്നും വിവിധ മേഖലകളിൽ നിന്നും വ്യാപകമായി തൊഴിൽ നഷ്ടപ്പെടുകയാണ്. ഈയൊരവസ്ഥയിലാണ് ഇന്ത്യക്കാർക്കും സഊദിയിൽ നിന്നും തൊഴിൽ നഷ്ടമായി തിരിച്ചു പോകേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."