പുന്നയൂരില്‍ ഒരു വാര്‍ഡില്‍ മാത്രമായി ആറ് അര്‍ബുദരോഗികള്‍ ചികിത്സയില്‍
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ ഒരു തീരദേശ വാര്‍ഡില്‍ മാത്രമായി ആറ് പേര്‍ ഇപ്പോഴും അര്‍ബുദ ചികിത്സയിലെന്ന് സൂചന. അടുത്ത ഒന്‍പതിന് രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിച്ചേക്കും. പഞ്ചായത്തിലെ തീരമേഖലയായ അകലാട് മുഹിയുദ്ദീന്‍ പള്ളി മുതല്‍ കാട്ടിലെ പള്ളി വരേയുള്ള രണ്ട് വാര്‍ഡുകളിലായി കഴിഞ്ഞ രണ്ട് മാസത്തിനകം ആറ് പേര്‍ അര്‍ബുദരോഗത്തില്‍ മരിച്ച വാര്‍ത്ത 'സുപ്രഭാതം' പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം ആറ് പേര്‍ ഇപ്പോഴും അര്‍ബുദരോഗ ചികിത്സയിലാണെന്ന് വ്യക്തമായത്. രണ്ട് സ്ത്രീകളുള്‍പ്പടെ വിവിധ പ്രായക്കാരായ ഇവരില്‍ ശ്വാസകോശാര്‍ബഴദം, സ്തനാര്‍ബുദം എന്നിവയുള്‍പ്പടെയുണ്ടെന്നാണ് സൂചന. പുകവലിയൊ, മറ്റ് പുകയില ഉത്പ്പന്നങ്ങളോ ഉപയോഗിക്കാത്തയാള്‍ക്കും ഇവിടെ ശ്വാസകോശാര്‍ബുദം കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എട്ട് പേരാണ് അര്‍ബുദം വന്ന് മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള റിപ്പോര്‍ട്ടിനു വിരുദ്ധമായി ഇപ്പോള്‍ പറയുന്നത് മരിച്ചവര്‍ പത്ത് പേരാണെന്നാണ്.
ചുരുക്കത്തില്‍ മേഖലയില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നോ രോഗം വന്ന് എത്രപേര്‍ ഇതിനകം മരിച്ചെന്നോ ഉള്ള വ്യക്തമായ കണക്ക് പറയാന്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ പക്കല്‍ ഒരു തെളിവുമില്ല. ഇപ്പോള്‍ ജില്ലാ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവലംബമാക്കുന്നത് പോലും മേഖലയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകരെ മാത്രമാണെന്നും ആക്ഷേപമുണ്ട്. അര്‍ബുദരോഗമുള്ള രോഗികളില്‍ പരിചരണം ആവശ്യമുള്ളവര്‍ മാത്രം അറിയുന്ന ഇവര്‍ക്ക് രോഗം വന്ന് ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ രോഗികളേയും അറിയണമെന്നില്ല.
രണ്ട് വാര്‍ഡുകളിലേയും വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്താന്‍ ഇറങ്ങിപ്രവര്‍ത്തിച്ചാല്‍ മാത്രമെ യാഥാര്‍ഥ്യം വ്യക്തമാകൂ. ഈ മാസം ആദ്യത്തില്‍ പയന്നൂരില്‍ നിന്നുള്ള ഒരു വിദ്യാലയത്തിലെ ഗവേഷക സംഘം തീരമേഖ കേന്ദ്രീകരിച്ചുള്ള പഠനത്തിനിടയില്‍ അകലാട് വന്നിരുന്നുവെന്ന് മേഖലയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശത്ത് നിന്നുള്ള ശുദ്ധജല സ്രോതസിന്റെയും കടപ്പുറത്ത് നിന്നുള്ള മണല്‍, കടല്‍ ജലം എന്നിവയുടെ സാമ്പിളുകള്‍ പരിശോധനക്കായി ഇവര്‍ ശേഖരിച്ചതായും ഇവര്‍ പറഞ്ഞു. ഇവയുടെ പരിശോധനാ ഫലം ഒരുമാസത്തിനകം ലഭിക്കുമെന്ന് സൂചിപ്പിച്ച സംഘം ലഭ്യമായ പരിശോധനയില്‍ മേഖലയില്‍ ചില രാസപദാര്‍ഥങ്ങളുടെ തോത് കൂടുതലായും സൂചിപ്പിച്ചുവെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളായ തയ്യില്‍ ഹാഷിം, ഇസ്മായില്‍ പാവുരയില്‍ എന്നിവര്‍ വ്യക്തമാക്കി. മേഖലയില്‍ ഇത്തരത്തില്‍ നിരവധി പേര്‍ മരിക്കാനും അത്രയും ആളുകള്‍ രോഗികളുമാകാനുള്ള കാരണം ഇനിയും വ്യക്തമല്ല. പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ അത്തരമൊരു പഠനത്തിനു ശ്രമിക്കുന്നുമില്ല. എന്നാല്‍ ഇതിനിടയില്‍ അടുത്ത ഒന്‍പതിന് നാലാം കല്ലിലെ ഒരു സ്‌കൂളില്‍ അര്‍ബുദരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."