ദേശീയ താരങ്ങള്‍ക്ക് സ്വീകരണം നല്കി
വാടാനപ്പള്ളി :ദേശീയ സ്കൂള്‍ കായികമേളയില്‍ നാട്ടിക ഗവണ്മെന്റ് ഫിഷറീസ് സ്കൂളിന്റെ സുവര്‍ണ താരങ്ങളായ ആന്‍സി സോജനും, പി.എ അതുല്യയ്ക്കും, പരിശീലകന് വി.വി.കണ്ണനും ഉജ്ജ്വല സ്വീകരണം നല്കി. പി.ടി.എയും അധ്യാപകരും സംയുക്തമായാണ് സ്വീകരണം നല്‍കിയത്. ഫുട്ബോള്‍ താരം ഐ.എം.വിജയന് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേശീയ മീറ്റില്‍ രണ്ട് സ്വര്‍ണവും, ഒരു വെങ്കലവും നേടിയ ആന്‍സി സോജന്, ഒരു വെങ്കലം നേടിയ പി.എ.അതുല്യ എന്നിവര്‍ക്ക് അധ്യാപകര്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണ നാണയം ഐ.എം വിജയന് സമ്മാനിച്ചു. ഖേലോ ഇന്ത്യ ദേശീയ ഫുട്ബോള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കേരളാ ടീം അംഗം മുഹമ്മദ് റാഷിക്കിന് അധ്യാപകര്‍ നല്കുന്ന കാഷ് അവാര്‍ഡും അദ്ദേഹം കൈമാറി. മുന്‍ പ്രധാനാധ്യാപിക സൗദാമിനി വളവത്ത് തന്റെ സമ്മാനമായി പരിശീലകന് വി.വി കണ്ണനും നാട്ടിക സ്പോട്സ് അക്കാദമിക്ക് വേണ്ടി ചെയര്മാന് ബി.കെ.ജനാര്‍ദ്ദനും 25,000 രൂപ വീതം നല്കി. പി.ടി.എ പ്രസിഡണ്ട് അനില്‍ പുളിക്കല്‍ അധ്യക്ഷനായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആര്.സുഭാഷിണി, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, പ്രധാനാധ്യാപകന് എ.ആര് രമേഷ്, പ്രിന്‍സിപ്പാള്‍ കെ.എച്ച്.സാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."