കാത്തിരിപ്പ് അഞ്ചുവര്‍ഷം നീളുന്നു; നടുവില്‍ പോളിടെക്‌നിക് പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ പ്രതിഷേധം
ആലക്കോട്: മലയോരമേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടുവില്‍ കേന്ദ്രീകരിച്ച് അനുവദിച്ച പോളിടെക്‌നിക് കോളജ് സര്‍ക്കാരിന്റെ അനാസ്ഥമൂലം അഞ്ചുവര്‍ഷമായിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. ക്ലാസുകള്‍ ആരംഭിക്കാനുള്ള ഭൗതികസൗകര്യം നിലവിലുണ്ടെങ്കിലും എ.ഐ.സി.ടി.യുടെ അംഗീകാരം ലഭിക്കാത്തതാണ് പ്രധാന കാരണം. എ.ഐ.സി.ടി.യുടെ നിബന്ധനകളും വ്യവസ്ഥകളും നടപ്പാക്കിയാലേ അംഗീകാരം ലഭിക്കുകയുള്ളൂ. പ്രധാനമായും പോളിടെക്‌നിക് കോളജിനു പ്രിന്‍സിപ്പലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വന്തം സ്ഥലം ഉണ്ടാകണം. ഇവിടെ അഞ്ച് ഏക്കര്‍ സ്ഥലം പോളിടെക്‌നിക്കിനായി സാങ്കേതികവിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയിട്ടുണ്ടെങ്കിലും പ്രിന്‍സിപ്പലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുനല്‍കിയിട്ടില്ല. അതിനു സര്‍ക്കാര്‍ ഉത്തരവ് വേണം. സര്‍ക്കാര്‍ ഉത്തരവിന്റെ അഭാവമാണ് മലയോരത്തിന്റെ ചിരകാല സ്വപ്നമായ പോളിടെക്‌നിക് കോളജ് ഇനിയും യാഥാര്‍ഥ്യമാകാത്തത്.
അതേസമയം പോളിടെക്‌നിക്കിനായി ആരംഭിച്ച വിപുലമായ ഭൗതിക സൗകര്യമൊരുക്കല്‍ വര്‍ഷങ്ങളായിട്ടും പൂര്‍ത്തീകരിച്ചില്ല. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനും മറ്റുമായുള്ള മൂന്നുനില കെട്ടിടത്തിന്റെ പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ക്ലാസുകള്‍ ആരംഭിക്കാത്തതിനാല്‍ രണ്ടര കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ഒരു കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. പോളിടെക്‌നിക്കായി വാങ്ങിയ 50 ലക്ഷത്തോളം രൂപയുടെ ഫര്‍ണിച്ചറും ഉപയോഗശൂന്യമായി നശിക്കുകയാണ്. 2013ല്‍ നടുവില്‍ ടെക്‌നിക് ഹൈസ്‌കൂള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ പോളിടെക്‌നിക് കോളജിന് അനുമതി ലഭിച്ചത്. സ്‌കൂളിന്റെ ഏഴര ഏക്കര്‍ സ്ഥലത്തെ അഞ്ചു ഏക്കറാണ് വിട്ടുനല്‍കിയത്. ഇതിനു പുറമെയാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിനായി നിര്‍മിച്ച രണ്ടര കോടി രൂപയുടെ കെട്ടിടം പോളിടെക്‌നിക്കിനായി കൈമാറിയത്. ഈ കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
സമീപത്തായി ഒന്നര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി അനിശ്ചിതമായി നീളുകയാണ്. മൂന്നുനിലകളോടെ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രണ്ടുനില മാത്രമേ നിര്‍മിച്ചിട്ടുള്ളു. ഇതില്‍ രണ്ടാംനില പൂര്‍ത്തീകരിച്ചിട്ടുമില്ല. മഴവെള്ളം കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്ന അവസ്ഥയാണ്. ഒന്നാമത്തെ നിലയിലാണ് അര കോടിയോളം രൂപയുടെ ഫര്‍ണിച്ചര്‍ സൂക്ഷിച്ചിരിക്കുന്നത്. കെട്ടിടം പൂര്‍ത്തിയാകുമ്പോഴേക്കും ഇവയെല്ലാം നശിക്കുമെന്ന അവസ്ഥയാണ്.
അതേസമയം പോളിടെക്‌നിക്കിന്റെ പൂര്‍ത്തീകരണത്തിനായി സ്‌പെഷല്‍ ഓഫിസറെ നിയമച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കോടികള്‍ ചെലവഴിച്ചിട്ടും പോളിടെക്‌നിക് കോളജ് പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. മലയോരത്തെ വിദ്യാര്‍ഥികള്‍ക്കു പോളിടെക്‌നിക് വിദ്യാഭ്യാസത്തിനു നാല്‍പ്പതും അന്‍പതും കിലോമീറ്ററുകള്‍ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതു പരിഗണിച്ചാണ് നടുവില്‍ പോളിടെക്‌നിക് അനുവദിച്ചത്. അതേസമയം പോളിടെക്‌നിക് കോളജിന്റെ പ്രവര്‍ത്തനം എത്രയുംപെട്ടെന്ന് ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇനിയും അനാസ്ഥ തുടരുകയാണെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."