കടയുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവം: പ്രതികള്‍ അറസ്റ്റില്‍
ചാലക്കുടി: ഇന്നലെ അര്‍ദ്ധരാത്രി ചാലക്കുടി പനമ്പിള്ളി സെന്ററിലെ മൊബൈല്‍ ഷോപ്പുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
കിഴക്കേ ചാലക്കുടി വില്ലേജ് സെന്റ്.മേരീസ് പള്ളിക്ക് പിറകില്‍ താമസിക്കുന്ന പല്ലിശ്ശേരി നെത്സണ്‍ (38), പേരാമ്പ്ര വി.ആര്‍ പുരം തെക്കന്‍ വീട്ടില്‍ ഷെബി (39), പോട്ട പനമ്പിള്ളി കുറ്റലാംകൂട്ടം ലിവിന്‍ (28), കിഴക്കേ ചാലക്കുടി സെന്റ്.ജോസഫ് പള്ളിക്കു സമീപം താമസിക്കുന്ന ചിറയത്ത് ബൈജു (37), കിഴക്കേ ചാലക്കുടി സെന്റ്. ജോസഫ് പള്ളിക്ക് സമീപം താമസിക്കുന്ന കാനംകുടംവീട്ടില്‍ ലീസ് പൗലോസ് (39), എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മാത്യു ജെ, സബ് ഇന്‍സ്‌പെക്ടര്‍ വി.എസ് വത്സകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ ചിലര്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മൊബൈല്‍ ഷോപ്പുടമയും നെത്സണും തമ്മിലുള്ള പണമിടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കം സംഘട്ടനത്തിലേക്ക് കടക്കുകയും തുടര്‍ന്ന് പ്രതികള്‍ കൈയില്‍ കരുതിയിരുന്ന വടിവാളുപയോഗിച്ച് കടയുടമയെ വെട്ടുകയും തടയാന്‍ ചെന്ന ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട പ്രതികളെല്ലാവരും ഒളിവില്‍ പോവുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ ചാലക്കുടി പൊലിസും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികള്‍ മൂഞ്ഞേലി ഭാഗത്ത് ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുകയും ഇവര്‍ ഒളിപ്പിച്ച വടിവാളും മാരകായുധങ്ങളും കണ്ടെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."