കോഴിക്കോട് ദേശീയപാതയിലെ കുഴികളും മണ്‍കൂനകളും വാഹനയാത്രക്ക് ദുരിതമാകുന്നു
മുണ്ടൂര്‍: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കുഴികള്‍ വാഹനയാത്രക്ക് ദുരിതമാകുന്നു. പ്രത്യേകിച്ച് ഇവിടെ നിറയെ കേബിള്‍ കുഴികളും മണ്‍കൂനകളുമുണ്ട്. നാലടിയോളം താഴ്ചയില്‍ നീളത്തിലുള്ള കുഴികളാണ് എടുത്തിരിക്കുന്നത്. പാതയോരങ്ങള്‍ വീതി കുറവായ ഇടങ്ങളില്‍ റോഡിനോട് ചേര്‍ന്നാണ് കേബിള്‍ കുഴികളെടുത്തിരിക്കുന്നത്. കുഴികളെടുക്കുമ്പോള്‍ മണ്ണ് കയറ്റിയിടുന്നതും റോഡിലാണ്. കുഴി പലഭാഗത്തും മൂടിയിട്ടുണ്ടെങ്കിലും മൂടിയഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന മണ്‍കൂമ്പാരങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കുഴിമൂടി ബാക്കി വരുന്ന മണ്ണ് റോഡില്‍ കിടക്കുന്നതും വാഹനങ്ങള്‍ക്ക് ഭീഷണിയായിരിക്കയാണ്.
പലഭാഗത്തും കുഴിമൂടിയ മണ്ണ് താഴ്ന്നിറങ്ങി വന്‍ കുഴികളായി മാറിയിട്ടുണ്ട്. വീതികുറഞ്ഞ പന്നിയം പാടം കയറ്റത്തിലും മറ്റും വാഹനങ്ങള്‍ റോഡില്‍ നിന്ന് അല്‍പം മാറിയാല്‍ കുഴികളിലും മണ്‍കൂമ്പാരത്തിലും പെട്ട് മറിയുന്ന സ്ഥിതിയാണ്. റോഡിന്റെ വശങ്ങളും ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയിറക്കാനും രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നടക്കാന്‍ സ്ഥലമില്ലാതായി. ദേശീയപാതയരികില്‍ വേലിക്കാട് മുതല്‍ പുതുപ്പരിയാരം വരെ കുഴിയെടുത്ത പലഭാഗത്തും അപകടസാധ്യത കൂടിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. കുറച്ചു ദിവസം മുമ്പ് വേലിക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസ് കേബിള്‍ കുഴിയില്‍പ്പെട്ട് വീട്ടുമതിലിലിടിച്ചാണ് നിന്നതടക്കം നിരവധി അപകടങ്ങള്‍ ഇവിടെ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."