ഹജ്ജ് വളണ്ടിയര്‍മാരുടെ എണ്ണം കൂട്ടി
കൊണ്ടോട്ടി: കഴിഞ്ഞ വര്‍ഷം ഹജ്ജ് വേളയില്‍ മിനയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വളണ്ടിയര്‍ (ഖാദിമുല്‍ ഹുജ്ജാജ്) മാരുടെ എണ്ണം വര്‍ധിപ്പിച്ചു. 200 തീര്‍ഥാടകര്‍ക്ക് ഒരു വളണ്ടിയറെന്ന തോതിലാണ് ഇത്തവണ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷംവരെ 300 പേര്‍ക്ക് ഒരു വളണ്ടിയറായിരുന്നു. ഹജ്ജ് വേളയില്‍ തീര്‍ഥാടകരെ സഹായിക്കുകയും സുരക്ഷിതമായി കര്‍മങ്ങള്‍ ചെയ്യിപ്പിച്ചു തിരിച്ചെത്തിക്കുകയുമാണ് ഖാദിമുല്‍ ഹുജ്ജാജിന്റെ കര്‍ത്തവ്യം. കഴിഞ്ഞ വര്‍ഷം മിനയില്‍ കല്ലെറിയുന്ന സ്ഥലത്തേക്കു തീര്‍ഥാടകര്‍ നിയന്ത്രണമില്ലാതെ നീങ്ങിയതുമൂലം തിക്കും തിരക്കുമുണ്ടായി വന്‍ ദുരന്തമാണുണ്ടായത്. ഇന്ത്യയില്‍ നിന്നുമാത്രം 120 പേരാണ് മരിച്ചത്.
കേരളത്തില്‍നിന്നുള്ള ഹജ്ജ് വളണ്ടിയര്‍മാരുടെ ലിസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തയാറാക്കി അടുത്ത ദിവസംതന്നെ സംസ്ഥാനത്തിനു കൈമാറും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ലിസ്റ്റ് തയാറാക്കുന്നത്. എന്നാല്‍, ഇത്തവണ അഭിമുഖ സമയത്തു നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍വന്നതിനാല്‍ സാധ്യമായിരുന്നില്ല. ഇതോടെ, ലഭിച്ച അപേക്ഷകള്‍ മുഴുവന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തിനു കൈമാറുകയായിരുന്നു. 76 പേരുടെ ലിസ്റ്റില്‍ നിന്ന് 50 പേരെയാണ് കണ്ടെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."