വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കുന്ന ജനാധിപത്യം
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ അഭിപ്രായ സര്‍വേയിലും ആം ആദ്മിക്കു തന്നെയായിരുന്നു മുന്‍തൂക്കം. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അരവിന്ദ് കെജ്‌രിവാള്‍ വോട്ടു ചോദിച്ചതെങ്കില്‍ പതിവുപോലെ ജനങ്ങളുടെ മതവികാരം ചൂഷണം ചെയ്തുകൊണ്ടാണ് ബ.ിജെ.പി വോട്ടു ചോദിച്ചത്. എന്നാല്‍ ഭൂരിപക്ഷം ജനങ്ങളും അതു ചെവിക്കൊണ്ടില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് അനുമാനിക്കാം.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ക്ക് കാവലിരിക്കാനും തുടങ്ങിയിട്ടുണ്ട്. നമ്മുടെ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുര്‍വിധിയാണിത്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് വോട്ടിങ് യന്ത്രങ്ങളില്‍ വന്‍തോതില്‍ കൃത്രിമം നടത്താന്‍ തുടങ്ങിയത്. ആര്‍ക്കു വോട്ട് ചെയ്താലും താമരയില്‍ വീഴുന്ന പ്രതിഭാസത്തിനെതിരേ രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെയും പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതികള്‍ തള്ളിക്കളയുകയായിരുന്നു. അതിനു പുറമെ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്നതായി പരാതികളും ഉയര്‍ന്നു. ഇതിനെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിച്ചു. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു കാവലിരിക്കാന്‍ തുടങ്ങിയത്.
ബി.ജെ.പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരേ മൂന്നൂറിലധികം കേസുകള്‍ ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. മണ്ഡലത്തിലെ മൊത്തം വോട്ടിനേക്കാളധികം ബി.ജെ.പി സ്ഥാനാര്‍ഥിക്കു ലഭിച്ചതും പരാതിയിലുണ്ട്.
ഇതിനു ശേഷം നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കൃത്രിമം നടത്താന്‍ ധൈര്യപ്പെടാത്തതിനാലായിരിക്കണം അവിടെ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ടാവുക. ആദ്യ മോദി സര്‍ക്കാര്‍ ജനവിരുദ്ധമായിരുന്നിട്ടു പോലും ബി.ജെ.പി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നത് രാഷ്ട്രീയ തന്ത്രജ്ഞരെയും നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിരുന്നു.
ബി.ജെ.പി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുകയാണെന്ന് ഇതോടെ ഉറപ്പായി. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായിനിന്ന് പ്രതിഷേധിക്കുന്നതിനു പകരം ഈ അട്ടിമറിക്കെതിരേ ഉദാസീന നയമാണ് സ്വീകരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡിഷ്യറിയെപ്പോലും ഭയപ്പെടുത്തി വരുതിയിലാക്കിയ ബി.ജെ.പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരേ പിന്നെ എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുക? തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച നരേന്ദ്ര മോദിക്കെതിരേയും അമിത് ഷായ്‌ക്കെതിരേയും നടപടി അവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗത്തെ സര്‍ക്കാര്‍ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ നിന്ന് മാറി ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന ആവശ്യത്തിനു ശക്തിയേറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും മാത്രമാണ് ഇതിന് എതിരു നില്‍ക്കുന്നത്. ഇതുതന്നെയാണ് സംശയം ജനിപ്പിക്കുന്നതും. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ പറ്റുകയില്ലെന്ന വാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ലോക്‌സഭയില്‍ ആം ആദ്മി എം.പി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തുന്ന വിധം പ്രദര്‍ശിപ്പിച്ചത് മറക്കാറായിട്ടില്ല.
സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരും കംപ്യൂട്ടര്‍ വിദഗ്ധരും തറപ്പിച്ചുപറയുന്നത് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്നാണ്. അതുകൊണ്ടാണ് പല പാശ്ചാത്യ രാജ്യങ്ങളും വോട്ടിങ് യന്ത്രത്തില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്താണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്ന് സയ്യിദ് ഷൂജയെന്ന ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റി അന്വേഷിക്കുന്നതിനു പകരം ഷൂജയെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലിസിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്.
വോട്ടിങ് യന്ത്രങ്ങളില്‍ നിഷ്പ്രയാസം കൃത്രിമം നടത്താന്‍ പറ്റുമെന്ന് വിദഗ്ധര്‍ തറപ്പിച്ചുപറയുന്നത് അവര്‍ തെളിയിക്കുകയും ചെയ്യുന്നുണ്ട്. വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്യപ്പെടുന്ന സമയത്ത് അത് നിര്‍ദ്ദിഷ്ട വാല്യുവില്‍ സേവ് ആവുകയും ആ വാല്യു മൊത്തം കൗണ്ട് ചെയ്ത് വോട്ടായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രോഗ്രാം ചിപ്പില്‍ ഉള്‍പ്പെടുത്തിയാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. അതിനായി അത്തരമൊരു പ്രവര്‍ത്തനശേഷിയുള്ള ഒരു ഹാര്‍ഡ്‌വെയറില്‍ ഒരു സോഫ്റ്റ്‌വെയര്‍ തീര്‍ച്ചയായും ഉണ്ടാകും. സോഫ്റ്റ്‌വെയര്‍ തയാറാക്കുന്ന സമയത്ത് എഴുതുന്ന കോഡുകള്‍ എന്താണോ അതനുസരിച്ചാണ് വാല്യൂ എവിടെ സേവ് ആകണമെന്നത് തീരുമാനിക്കപ്പെടുന്നത്. സോഫ്റ്റ്‌വെയറില്‍ അങ്ങനെ സേവ് ചെയ്യാന്‍ സാധിക്കുന്ന കോഡ് പോലെ തന്നെ ആ വാല്യൂ മറ്റൊരിടത്തു സേവ് ആക്കാന്‍ സാധിക്കും.
സോഫ്റ്റ്‌വെയറില്‍ പിന്നീടൊരിക്കലും മാറ്റം വരുത്താനാവില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന, നമ്മള്‍ ചിന്തിക്കുന്നത് യന്ത്രങ്ങളില്‍ സാധ്യമാക്കാനും കഴിയുന്ന ഒരു കാലത്ത് വോട്ടിങ് യന്ത്രങ്ങളില്‍ മാത്രം കൃത്രിമം നടത്താന്‍ കഴിയില്ലെന്നു വാശിപിടിക്കുന്നത് വിഡ്ഢിത്തമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അതിപ്പോള്‍ പൊതുസമൂഹത്തിനും ബോധ്യപ്പെട്ടിരിക്കുന്നു.
നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കുക എന്നത് സംഘ്പരിവാര്‍ അജന്‍ഡയാണ്. അതിനുവേണ്ടി അവര്‍ ഏതറ്റം വരെയും പോകുമെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ജനങ്ങളുടെ സമ്മതിദാനാവകാശത്തെ ജനാധിപത്യ മാര്‍ഗം ഉപയോഗിച്ചാണ് അവര്‍ തച്ചുതകര്‍ത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് വോട്ടിങ് യന്ത്രങ്ങള്‍ക്ക് ജനാധിപത്യവിശ്വാസികള്‍ കാവലിരിക്കേണ്ടി വരുന്നത്.
ഇങ്ങനെ അധികാരത്തില്‍ നിലനിന്നാണ് ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രത്തിനു നിലമൊരുക്കുന്നത്. അതില്‍ അവരെ പരാജയപ്പെടുത്തണമെങ്കില്‍ ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങിയേ പറ്റൂ. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇപ്പോള്‍ രാജ്യവ്യാപകമായി നടക്കുന്ന ജനകീയ സമര മാതൃകയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരേയും രാജ്യവ്യാപകമായ സമരം ഉണ്ടായേ തീരൂ. എങ്കില്‍ മാത്രമേ നമ്മുടെ കൈപ്പിടിയില്‍ നിന്ന് വഴുതിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ തിരികെ പിടിക്കാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."