അധ്യാപക നിയമന നിയന്ത്രണം: ബജറ്റ് നിര്‍ദേശം സര്‍ക്കാരിനു തലവേദനയായേക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനു കടിഞ്ഞാണിടുന്നതിനുള്ള ബജറ്റ് നിര്‍ദേശം സര്‍ക്കാരിനു തലവേദനയാകാന്‍ സാധ്യത.
എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വിരട്ടാന്‍ വരരുതെന്നും സ്‌കൂളുകള്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിനു ബുദ്ധിമുട്ടില്ലെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞെങ്കിലും തീരുമാനം നടപ്പാക്കല്‍ എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.
തീരുമാനത്തെ രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷവും നിയമപരമായി നേരിടാന്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് കെ.പി.സി.സി യോഗം ചേര്‍ന്ന് ഇതു സംബന്ധിച്ച സമരപരിപാടികള്‍ക്ക് രൂപം നല്‍കിയേക്കും.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തസ്തികകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശം വന്നത്. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ചാണ് അധ്യാപക നിയമനത്തില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ഈ സര്‍ക്കാരിന്റെ കാലത്ത് എയ്ഡഡ് സ്‌കൂളുകളിലായി മാത്രം 18,119 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടതായി ബജറ്റ് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ അറിവോ പരിശോധനയോ ഇല്ലാതെയായിരുന്നു ഇത്. എല്‍.പി വിഭാഗത്തില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പിയില്‍ 35 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതില്‍ ഒരു കുട്ടി അധികമായി പ്രവേശനം നേടിയാല്‍ പോലും പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാം. എ.ഇ.ഒയുടെ അംഗീകാരം മാത്രം മതി. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.
ഇതനുസരിച്ച് സര്‍ക്കാര്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കാനാവുകയുള്ളൂ. എന്നാല്‍ ഇത് തങ്ങളുടെ അവകാശത്തിനു മേലുള്ള കൈകടത്തലാണെന്നാണ് മാനേജ്‌മെന്റുകളുടെ വാദം.
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപക തസ്തികകള്‍ വര്‍ധിപ്പിക്കുന്നത് തങ്ങളുടെ നിയമപരമായ അവകാശമാണെന്നാണ് അവര്‍ പറയുന്നത്. അനുപാതം 30:1 എന്നത് ഒരു കുട്ടി വര്‍ധിച്ചാല്‍ 31: 2 എന്ന നിലയിലേക്ക് മാറരുതെന്ന് പറയുമ്പോള്‍ അതെങ്ങനെ പുനഃക്രമീകരിക്കണമെന്ന് പറയുന്നില്ലെന്നും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."