റാങ്ക് ലിസ്റ്റിന് രണ്ടാണ്ട്; നിയമനമില്ലാതെ എക്സൈസ് ഓഫിസര്‍ ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ലാതെ സിവില്‍ എക്‌സൈസ് ഓഫിസര്‍ (പുരുഷ വിഭാഗം) ഉദ്യോഗാര്‍ഥികള്‍. ഈ ഏപ്രിലില്‍ റാങ്ക്‌ലിസ്റ്റ് കാലാവധി അവസാനിക്കാനിരിക്കേ പുതിയ അപേക്ഷ ക്ഷണിച്ച് ഈ മാസം അഞ്ചിന് അപേക്ഷാ തിയതി അവസാനിച്ചിട്ടും റാങ്ക്‌ലിസ്റ്റിലുള്ളവര്‍ നിയമനത്തിനായി കാത്തിരിക്കുകയാണ്.
2016 നവംബര്‍ 11 ല്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം 2017 ഏപ്രില്‍ ഒന്നിന് നടന്ന പരീക്ഷയെഴുതി 2018 സെപ്റ്റംബര്‍ അവസാനവാരം പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റനുസരിച്ച് എന്‍ഡ്യൂറന്‍സ് ടെസ്റ്റും കായികക്ഷമതാ പരീക്ഷയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉദ്യോഗാര്‍ഥികളാണ് നിയമനമില്ലാതെ ഇപ്പോഴും കാത്തിരിക്കുന്നത്.
സംസ്ഥാനത്താകമാനം 9.92 ശതമാനം നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വരെ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവായിട്ടുള്ളത് ഒരു കോടിക്ക് മുകളിലാണ് (1,23,57,805 രൂപ). എക്‌സൈസ് വിഭാഗത്തിലെ ജീവനക്കാരുടെ അപര്യാപ്തത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെയായി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി രൂപീകരിച്ച ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക് 117 തസ്തികകള്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാനതലത്തില്‍ ആകെ അനുവദിച്ചിരിക്കുന്നത് 13 തസ്തികകള്‍ മാത്രമാണ്.
വകുപ്പുതല സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ചില ജീവനക്കാര്‍ അതൃപ്തി അറിയിച്ച് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ സ്ഥാനക്കയറ്റം നിലയ്ക്കുകയും അതുവഴി ഉണ്ടാകേണ്ട ഒഴിവുകളുടെ നിയമനവും മുടങ്ങി.
ലഹരി നിര്‍മാര്‍ജനത്തിനായി രൂപീകരിച്ച വിമുക്തി മിഷനില്‍ നിലവില്‍ റിസര്‍ച്ച് ഓഫിസര്‍, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ തസ്തികകളിലേക്കുള്ള കരാര്‍ നിയമനത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
എന്നാല്‍ വിമുക്തി മിഷന്റെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ആവശ്യമായ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരോ പ്രിവന്റീവ് ഓഫിസര്‍മാരോ നിലവില്‍ ഇല്ല. 139 എക്‌സൈസ് റേഞ്ചുകളുള്ള സംസ്ഥാനത്ത് ആകെയുള്ള ജീവനക്കാര്‍ 5200 പേരാണ്. ഫീല്‍ഡിലുള്ളതാകട്ടെ 3000 പേരും. മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഇല്ല. രണ്ടുമാസം കൂടി മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് എത്രയും വേഗം നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."