വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണം
കല്‍പ്പറ്റ: മേപ്പാടി നെല്ലിമുണ്ടയിലെ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ സഹായിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തത്
ഇതിന്റെ ഭാഗമാണ്. പീഡനത്തിന് ഇരയായ വീട്ടമ്മയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വടുവന്‍ചാലിന് സമീപത്തെ റിസോര്‍ട്ടില്‍ പാചക ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് അറിയിച്ചാണ് രണ്ട് വര്‍ഷം മുമ്പ് വീട്ടമ്മയെ കൊണ്ടുപോയത്. നെല്ലിമുണ്ടയിലെ സ്ത്രീയാണ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത്. റിസോര്‍ട്ടില്‍ എത്തിയ വീട്ടമ്മയെ ഉടമയായ മേപ്പാടി സ്വദേശിയും സുഹൃത്തും പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയുടെ ജീപ്പില്‍ മേപ്പാടിക്കടുത്ത് ഇറക്കി വിട്ടു. ഇത് സംബന്ധിച്ച് പുറത്ത് പറഞ്ഞാല്‍
മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. റിസോര്‍ട്ട് ഉടമയുടെ സുഹൃത്തിനെ കണ്ടാല്‍ തിരിച്ചറിയാം. ഈ സംഭവത്തിന് ശേഷവും വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരം നിര്‍ബന്ധിക്കുകയാണ് ഇടനിലക്കാരിയും മറ്റും ചെയ്തത്. അസഹ്യമായപ്പോഴാണ് ഭര്‍ത്താവിനോട് സംഭവങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസ് നീതിപൂര്‍വമായ നിലപാടല്ല സ്വീകരിക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെയും മൊഴി നല്‍കിയിരുന്നു. പ്രതികളുടെ പേരും നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെ പോലും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് പ്രതികളും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് വ്യക്തമാക്കുന്നത്.
ഇടനിലക്കാരിയെ പിടികൂടി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വീട്ടമ്മയുടെ ഭര്‍ത്താവും സഹോദരങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."