കബളിപ്പിച്ച് ഭൂമി തട്ടിയെടുത്ത സംഭവം; ജനകീയ സമരസമിതി ഭൂമി പിടിച്ചെടുത്തു
പനമരം: റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ തട്ടിയെടുത്ത ഭൂമി ജനകീയ സമരസമിതി പിടിച്ചെടുത്തു. ഇന്നലെ രാവിലെ നടവയല്‍ ടൗണില്‍ നിന്ന് പ്രകടനവുമായെത്തിയ സമരസമിതി പ്രവര്‍ത്തകര്‍ ഭൂമിയില്‍ കൊടിനാട്ടുകയും പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയുമായിരുന്നു.
സമരസമിതി ചെയര്‍മാനായ വി.എ കുര്യച്ചന്‍, ജോസ് വേമ്പള്ളി, ഗ്രേഷ്യസ് ശരീഫ്, സന്തോഷ് ആചാരി, ജോണി ഇരട്ടമുണ്ടക്കല്‍, പ്രേമനാഥ്, ജോയി ഇട്ടമുട്ടക്കല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
നടവയല്‍ സ്‌കൂളിന്റെ മുന്‍വശത്ത് റോഡിനോട് ചേര്‍ന്ന് അഞ്ചുകുന്ന് സ്വദേശി സുരേഷ് കുമാറിന് ഒരേക്കര്‍ 17 സെന്റ് സ്ഥലമുണ്ടായിരുന്നു. ഇത് കായക്കുന്ന് സ്വദേശിയും ഇടനിലക്കാരനുമായ തുണ്ടത്തില്‍ ബിജു രണ്ട് വര്‍ഷം മുന്‍പ് തട്ടിയെടുക്കുകയായിരുന്നു. പനമരം മാത്തൂവയലിലെ റബര്‍ തോട്ടവുമായി മാറ്റക്കച്ചവടത്തിനായിരുന്നു തീരുമാനം.
എന്നാല്‍ മാറ്റക്കച്ചവടത്തിന് ഇടനിലക്കാരന്‍ തയാറായില്ല. റബ്ബര്‍ തോട്ടത്തിന്റെ ഉടമ എന്ന നിലയില്‍ ഇടനിലക്കാരന്‍ കൊണ്ടുവന്ന ആളുകള്‍ വ്യാജമായിരുന്നുവെന്ന് പിന്നീടാണ് സുരേഷ് കുമാറിന് ബോധ്യമായത്. തുടര്‍ന്നാണ് നടവയിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ സമീപിച്ചത്.
പിന്നീട് സര്‍വകക്ഷി യോഗം ചേര്‍ന്ന് സമരത്തെ കുറിച്ച് ആലോചിച്ചതിന് ശേഷം നടവയലില്‍ ഭൂമി പിടിച്ചെടുത്തതിന് പുറമേ മാനന്തവാടിയിലെ 18.5 സെന്റ് സ്ഥലവും സമരസമിതിക്കാര്‍ പിടിച്ചെടുത്തു. സമരസമിതി ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗം കെ.പി ഷിജു ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.പി മധു ബി.ജെ.പി ജില്ലാ സെക്രട്ടറി, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി തുരുത്തിയില്‍ ബേബി, കെ.ടി നിസാം, മുസ്‌ലിം ലീഗ് നേതാക്കളായ ശംസുദ്ധീന്‍ പള്ളിക്കര, ശരീഫ്, കേരളാ കോണ്‍ഗ്രസിന്റെ ജോണി ഇരട്ടമുണ്ടക്കല്‍, സി.എം.പി നേതാവ് ബെന്നി, സി.പിഎം.എല്‍ ജില്ലാ സെക്രട്ടറി സാംപി മാത്യു, ഷാന്റി ചെനപ്പാടി, ജോണി ടി.വി. വി.കെ രാജന്‍, രാജന്‍ മാസ്റ്റര്‍, മൂസ നെല്ലിയമ്പം, പി.പി അബ്ദുറഹിമാന്‍, പ്രേമന്‍, പറമ്പത്ത് കുഞ്ഞേട്ടന്‍, റാണി, ഹുസൈന്‍ കിടക്കാട്ട് എഫ്.ആര്‍.എഫ്, ജില്ലാ പ്രസിഡന്റ് എം.ജെ ചാക്കോ തുടങ്ങിയവര്‍ ഭൂമി പിടിച്ചെടുക്കലിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."