യൂത്ത് കോണ്‍ഗ്രസിനും ജംബോ കമ്മിറ്റി
കോഴിക്കോട്: കെ.പി.സി.സിക്ക് പിന്നാലെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിനും ജംബോ കമ്മിറ്റി. സമവായ ഫോര്‍മുലയിലൂടെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലെത്തി. പ്രസിഡന്റ് ഉള്‍പ്പെടെ 70 ഭാരവാഹികളാണ് കമ്മിറ്റിയില്‍ ഉണ്ടാവുക.
ഏഴ് വൈസ് പ്രസിഡന്റുമാരും 27 ജനറല്‍ സെക്രട്ടറിമാരും 35 സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് ട്രഷറര്‍ ഉണ്ടാകില്ല. എ, ഐ ഗ്രൂപ്പുകള്‍ ഭാരവാഹികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി. 16ന് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കുമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചതെങ്കിലും ചര്‍ച്ചകള്‍ നീളുകയാണ്.
ധാരണപ്രകാരം എ ഗ്രൂപ്പില്‍ നിന്നുള്ള ഷാഫി പറമ്പില്‍ എം.എല്‍.എ പ്രസിഡന്റാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ, വിദ്യ ബാലകൃഷ്ണന്‍, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എസ്.എം ബാലു, എന്‍.എസ് നൂസൂര്‍, എസ്.ജെ പ്രേംരാജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും.
സംസ്ഥാന ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനത്തേക്കായി 120ലേറെ പേര്‍ പത്രിക നല്‍കിയിട്ടുണ്ട്. തലസ്ഥാന ജില്ലയില്‍ മാത്രം 18 പേരാണ് സംസ്ഥാന ഭാരവാഹിയാകാനായി പത്രിക നല്‍കിയിരിക്കുന്നത്. കെ.പി.സി.സിയുടെ ഭാരവാഹിപ്പട്ടിക ജംബോ ആയതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. അത് കെട്ടടങ്ങുംമുന്‍പെ യൂത്ത് കോണ്‍ഗ്രസിനും ജംബോ കമ്മിറ്റി പ്രഖ്യാപിക്കുന്നതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. നാല് വൈസ് പ്രസിഡന്റുമാരും 11 ജനറല്‍ സെക്രട്ടറിമാരും 14 സെക്രട്ടറിമാരുമെന്ന നേരത്തെയുള്ള തീരുമാനം നടപ്പാക്കിയാല്‍ മതിയെന്ന നിലപാടുകാരും സംഘടനയിലുണ്ട്. എന്നാല്‍, കൂടുതല്‍പേര്‍ പദവികള്‍ക്കായി ശ്രമം നടത്തിയതോടെ ഭാരവാഹിപ്പട്ടികയും വലുതായി. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വിദ്യ ബാലകൃഷ്ണന്‍ ഏക വനിതാ വൈസ് പ്രസിഡന്റാകും. സംവരണ വിഭാഗത്തിലാണ് എസ്.എം ബാലുവും പ്രേംരാജും ഉള്‍പ്പെട്ടിരിക്കുന്നത്.
ജില്ലാ പ്രസിഡന്റുമാരുടെയും പട്ടിക തയാറായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാള്‍ മാത്രമാണ് പത്രിക നല്‍കിയത്. ഇതുപ്രകാരം എട്ട് ജില്ലകളില്‍ എ ഗ്രൂപ്പിനും ആറിടത്ത് ഐ വിഭാഗത്തിനും പ്രസിഡന്റ് പദവി ലഭിച്ചു.
എ, ഐ ഗ്രൂപ്പ് നേതാക്കള്‍ അര്‍ധരാത്രി നടത്തിയ തിരക്കിട്ട നീക്കത്തിലൂടെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാള്‍ മാത്രം പത്രിക നല്‍കിയത്. പത്രികാ സമര്‍പ്പണത്തിന്റെ അവസാന മണിക്കൂറില്‍ ഗ്രൂപ്പുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ആള്‍ മാത്രം ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കുകയായിരുന്നു. ഗ്രൂപ്പ് നേതൃത്വത്തിന്റെ ചരടുവലികള്‍ ഗ്രൂപ്പില്ലാത്തവര്‍ക്ക് തിരിച്ചടിയുമായി. രഹസ്യമായി നടത്തിയ നീക്കം അറിയാത്ത ഇവര്‍ക്കാര്‍ക്കും പത്രിക നല്‍കാനായില്ല. ഗ്രൂപ്പുകളിലെ വിമതരെയും നേതൃത്വത്തിന് ഒതുക്കാനായി.
ഇതോടെ മത്സരമില്ലാതെ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ കണ്ടെത്താനായി. ജാതി, മത സമവാക്യങ്ങള്‍ പരിഗണിച്ചാണ് ഇവരുടെ പട്ടിക തയാറാക്കിയത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ എ ഗ്രൂപ്പിനും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഐ ഗ്രൂപ്പിനും പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
നേരത്തെ ഒരു പ്രസിഡന്റിനെയും നാല് വൈസ് പ്രസിഡന്റുമാരെയും നിര്‍ദേശിച്ചുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല കേന്ദ്രനേതൃത്വം തള്ളിയിരുന്നു.
സമവായം പാടില്ലെന്നും തെരഞ്ഞെടുപ്പ് തന്നെ വേണമെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അന്തരീഷം വഷാളാക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടുവരികയാണ്. ദേശീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് നടപടികളെ പൂര്‍ണമായി നിരാകരിക്കാതെ സമവായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."