കൊമ്പുകോര്‍ത്ത് മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമസ്ഥരും തൊഴിലാളികളും
കല്‍പ്പറ്റ: മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗത്തെച്ചൊല്ലി എസ്‌കവേറ്റര്‍ ഓണേഴ്‌സ് അസോസിയേഷനുമായി വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.ഐ.ടി.യു.സി) കൊമ്പുകോര്‍ക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നു വാടകയ്ക്ക് വിളിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ ജില്ലയില്‍ ഉപയോഗിക്കുന്നതിനെതിരായ ഓണേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് വര്‍ക്കേഴ്‌സ് യൂനിയന്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഇടനിലക്കാര്‍ കൊണ്ടുവരുന്ന മണ്ണുമാന്തിയന്ത്രങ്ങള്‍ ജില്ലയില്‍ അനധികൃത പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നതായി ഓണേഴ്‌സ് അസോസിയേഷന്‍ ഈയിടെ ആരോപിച്ചിരുന്നു. അനധികൃത പ്രവൃത്തികള്‍ തടയുമെന്ന് മുന്നറിയിപ്പും നല്‍കുകയുണ്ടായി. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള യന്ത്രങ്ങളുടെ ഉപയോഗം ഓണേഴ്‌സ് അസോസിയേഷന്‍ തടഞ്ഞാല്‍ ശക്തമായി നേരിടുമെന്ന് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ ഭാരവാഹികളായ പി.കെ മൂര്‍ത്തി, കെ.സി കുഞ്ഞമ്മദ്, എ.വി നാരായണന്‍കുട്ടി, ബിനോയ് ബത്തേരി, ജോസ്, ജോസ്, സാല്‍വേ, പി മജീദ്, ജംഷീര്‍, കെ.എസ് അപ്പച്ചന്‍, ആന്‍സണ്‍ പുല്‍പ്പള്ളി എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ ഓണേഴ്‌സ് അസോസിയേഷനാണ് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ അനധികൃത പ്രവൃത്തികള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. നാമമാത്ര യന്ത്രങ്ങളാണ് ഓണേഴ്‌സ് അസോസിയേഷന്റെ പക്കല്‍. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യന്ത്രങ്ങള്‍ക്ക് ജില്ലയില്‍ വിലക്കുണ്ടായാല്‍ ഓണേഴ്‌സ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിക്കും. ഇത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനുള്ള പഴുതായി മാറും. ജില്ലയില്‍ വര്‍ഷങ്ങളായി മണ്ണുമാന്തിയന്ത്രങ്ങളില്‍ ജോലിചെയ്യുന്നവരും നിയമാനുസൃതം പ്രവൃത്തികള്‍ എടുപ്പിക്കുന്നവരുമാണ് വര്‍ക്കേഴ്‌സ് യൂനിയനിലുള്ളത്. ഇക്കാര്യങ്ങള്‍ ജില്ലാ കലക്ടറടക്കം അധികാരികളെ ബോധ്യപ്പെടുത്തും. ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാര്‍ച്ച് ആറിന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."