ഹലോ, ഇത് ഡി.ജി.പിയാണ്..
.
പരാതിക്കാരെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇനി നേരിട്ട് വിളിക്കും
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനില്‍ ഈയിടെ എന്തെങ്കിലും പരാതി നല്‍കിയ ആളാണ് നിങ്ങളെങ്കില്‍ ഇത്തരമൊരു ഫോണ്‍കോള്‍ ലഭിച്ചാല്‍ കൂട്ടുകാരുടെ തമാശയാണെന്ന് കരുതി തറുതല പറയാന്‍ നില്‍ക്കേണ്ട, പണികിട്ടും. കാരണം അങ്ങേ തലയ്ക്കല്‍ സാക്ഷാല്‍ സംസ്ഥാന പൊലിസ് മേധാവി തന്നെയായിരിക്കും.
പരാതി നല്‍കാന്‍ എത്തിയ ആള്‍ക്ക് പൊലിസ് സ്റ്റേഷനില്‍ നിന്നുണ്ടായ അനുഭവം എന്താണെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാന്‍ അവസരം ഒരുങ്ങുന്നു.
ഇനിമുതല്‍ ജില്ലാ പൊലിസ് മേധാവിമാര്‍ തന്റെ അധികാര പരിധിയിലുള്ള പൊലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണില്‍ വിളിച്ച് ഈ വിവരങ്ങള്‍ അന്വേഷിക്കും. റേഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും തങ്ങളുടെ അധികാര പരിധിയില്‍ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണില്‍ സംസാരിക്കും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലിസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണില്‍ വിളിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ഇതിനായി പരാതിക്കാര്‍ പരാതിയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി നല്‍കിയാല്‍ മതിയാകും. പൊലിസ് സ്റ്റേഷനുകള്‍ സര്‍വിസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവില്‍വരും. രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലിസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തില്‍ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്താലുടന്‍തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ വിശദ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും.
ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയില്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടുതന്നെ ഫോണില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിലും പരാതികള്‍ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റവും വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."