സംസ്ഥാനങ്ങള്‍ എതിരുനിന്നാല്‍ എന്‍.ആര്‍.സി നടപ്പാക്കാനാകില്ല: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സംസ്ഥാനങ്ങള്‍ എതിരുനിന്നാല്‍ കേന്ദ്ര സര്‍ക്കാരിന് എന്‍.ആര്‍.സി നടപ്പാക്കാനാകില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. 'നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം' എന്ന പ്രമേയത്തില്‍ നടക്കുന്ന കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ ചെലവാകാത്തതാണ് പൗരത്വ നിയമ ഭേദഗതി. നിയമത്തിനെതിരായ സമരം വിജയിപ്പിക്കേണ്ട വെല്ലുവിളി ജനാധിപത്യ വിശ്വാസികള്‍ ഏറ്റെടുക്കണം.
രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിച്ച് കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, പട്ടിണി, സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ച് ബി.ജെ.പി സംസാരിക്കില്ല. അതിനവര്‍ക്ക് ധൈര്യമില്ല. ഭരണ ഘടനാവിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യം ഐതിഹാസികമായ സമരം നടത്തുമ്പോള്‍ ഈ സന്ദര്‍ഭം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സി.എ.എ മുസ്‌ലിംകള്‍ക്കെതിരാണ് എന്നതിനേക്കാള്‍ ഭരണഘടനാ വിരുദ്ധമാണെന്നത് മറന്നുപോകരുത്.
തൊഴില്‍, വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ തനിപ്പകര്‍പ്പാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, സി.കെ സുബൈര്‍, നജീബ് കാന്തപുരം, സി.പി ചെറിയ മുഹമ്മദ്, കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ മൂസ, അഡ്വ. പി. കുല്‍സു, എം.കെ ഹംസ, അബ്ദുല്ല വാവൂര്‍, പി.കെ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. ഉസ്മാന്‍ താമരത്ത് പ്രമേയ പ്രഭാഷണം നടത്തി. സേവ് ഇന്ത്യാ സേവ് ഹ്യുമാനിറ്റി സെമിനാര്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
'സത്യാനന്തര കാലത്തെ മാധ്യമപ്രവര്‍ത്തകന്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ സംഗമം മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, സി.പി സെയ്തലവി (ചന്ദ്രിക), അശ്‌റഫ് വാളൂര്‍ (മീഡിയ വണ്‍) സംസാരിച്ചു. ഇന്ന് രാവിലെ 10ന് നടക്കുന്ന സമ്പൂര്‍ണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉഘാടനം ചെയ്യും. എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."