സരിതയും അടൂര്‍ പ്രകാശും ഫോണില്‍ ബന്ധപ്പെട്ട രേഖകള്‍ സോളാര്‍ കമ്മിഷനില്‍
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരും മുന്‍മന്ത്രി അടൂര്‍പ്രകാശും 26 തവണ ഫോണില്‍ ബന്ധപ്പെട്ടതായുള്ള രേഖകള്‍ സോളാര്‍ കമ്മിഷനില്‍. ഇന്നലെ കമ്മിഷന് മുന്‍പാകെ മൊഴിനല്‍കാനെത്തിയ അടൂര്‍ പ്രകാശിനെ കമ്മിഷന് അഭിഭാഷകന് ക്രോസ് വിസ്താരത്തിനിടെ സരിതയുടെ രണ്ടു നമ്പറിലേക്കും തിരിച്ചും 26 തവണ വിളിച്ചതായുള്ള രേഖകള്‍ കാണിച്ചു. ഫോണില്‍ ബന്ധപ്പെട്ടിരിക്കാമെന്ന് മറുപടി നല്കിയ അടൂര്‍ പ്രകാശ് അഭിഭാഷകന്റെ വാദം നിഷേധിച്ചില്ല. എന്നാല്‍ സരിത കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച രഹസ്യകത്തിലെ വിവരങ്ങള്‍ അടൂര്‍ പ്രകാശ് നിഷേധിച്ചു. അടൂര്‍ പ്രകാശിന്റെ സ്റ്റാഫായിരുന്ന അജിത്തിന്റെ ഫോണില്‍ നിന്നു സരിതയും അടൂര്‍പ്രകാശും തമ്മില്‍ 70 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് രഹസ്യ കത്തിലെ ഒരുഭാഗം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള അഭിഭാഷകന്റെ വാദം അടൂര്‍പ്രകാശ് നിഷേധിച്ചു. അജിത്തിന്റെ നമ്പറിലേക്ക് 28 തവണവിളിച്ചതായുള്ള വിശദാംശങ്ങള്‍ അടൂര്‍പ്രകാശിനെ കാണിച്ചുകൊടുത്തു. തനിക്ക് അജിത് എന്ന പേരില്‍ സ്റ്റാഫില്ലെന്നായിരുന്നു അടൂര്‍പ്രകാശിന്റെ മറുപടി. സരിതയുമായി ആദ്യമായി ഫോണില്‍ ബന്ധപ്പെടുന്നത് തന്റെ മണ്ഡലമായ കോന്നിയിലെ ഒരു റിട്ട.അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണെന്ന് അടൂര്‍ പ്രകാശ് സോളാര്‍ കമ്മിഷന് ജസ്റ്റിസ് ജി.ശിവരാജന് മുന്‍പാകെ മൊഴി നല്കി. അധ്യാപികയായ മറിയാമ്മ വിരമിച്ചപ്പോള്‍ ലഭിച്ച പണം സരിത വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് വാങ്ങിയെന്നും എന്നാല്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ യാതൊരു നടപടിയുമുണ്ടാകാത്തതിനെതുടര്ന്ന് മറിയാമ്മ തന്നെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സരിതയെ വിളിച്ച് എത്രയും പെട്ടെന്ന് സോളാര്‍ സ്ഥാപിച്ചുനല്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു. പത്തനംതിട്ടയിലെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ഫീസിബിലിറ്റി പരിശോധിക്കാന്‍ സരിത എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."