'അത് എക്‌സിറ്റ്‌പോള്‍; എക്‌സാക്റ്റ് പോള്‍ അല്ല'
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.എ.പി തന്നെ അധികാരത്തിലെത്തുമെന്ന് എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചിരിക്കെ, ഇതിനെയൊക്കെ തള്ളി ബി.ജെ.പി രംഗത്ത്. ഇതിനു പുറമേ, വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷയില്ലാതെ കടത്തുന്നതിന്റെ വിഡിയോകളും പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയുംകൂടിയായപ്പോള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയമുയര്‍ന്നിരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് 6.30ന് അവസാനിച്ച തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം എത്രയെന്നത് കമ്മിഷന്‍ ഇന്നലെ രാത്രി മാത്രം പുറത്തുവിട്ടത് സംശയമുയര്‍ത്തുന്നുണ്ട്. അതേസമയം തന്നെ, എക്‌സിറ്റ്‌പോളുകളെ തള്ളിയും ഭരണം പിടിക്കുമെന്നു വ്യക്തമാക്കിയും ബി.ജെ.പി രംഗത്തെത്തിയിട്ടുമുണ്ട്. എക്‌സിറ്റ്‌പോളുകള്‍ എക്‌സിറ്റ്‌പോളുകള്‍ മാത്രമാണെന്നും എക്‌സാക്റ്റ് പോളല്ലെന്നും എക്‌സിറ്റ്‌പോളുകളും യാഥാര്‍ഥ്യവും തമ്മില്‍ ബന്ധമുണ്ടാകില്ലെന്നു ഫലം വരുന്ന ദിവസം കാണാമെന്നും വ്യക്തമാക്കി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറവാണെന്ന വാര്‍ത്തയ്ക്കു പിന്നാലെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷം ബി.ജെ.പി എം.പി മീനാക്ഷി ലേഖിയടക്കമുള്ളവരാണ് എക്‌സിറ്റ്‌പോളുകളെ തള്ളി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷം യോഗം ചേര്‍ന്ന എ.എ.പി നേതാക്കള്‍, എക്‌സിറ്റ്‌പോളുകളുടെ പ്രവചനം ശരിവച്ചില്ലെങ്കിലും, തങ്ങള്‍ ഭരണത്തില്‍ തുടരുമെന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം നേരത്തേയുള്ളതിനാല്‍, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ക്കു കാവലേര്‍പ്പെടുത്തുമെന്ന് എ.എ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വി.വി പാറ്റ് സ്‌ലിപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടവിരുദ്ധമായി നശിപ്പിച്ചതു കഴിഞ്ഞ ദിവസമായിരുന്നു വിവാദമായിരുന്നത്.
എ.എ.പി ചൂലുമായിറങ്ങുന്നു; ബിഹാറിലേക്ക്...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം മറ്റൊരു രാഷ്ട്രീയ നീക്കത്തിനൊരുങ്ങി എ.എ.പി. ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ബിഹാര്‍ പിടിക്കാനാണ് എ.എ.പി ലക്ഷ്യമിടുന്നത്. ജെ.ഡി.യുവില്‍നിന്ന് ഈയിടെ പുറത്താക്കപ്പെട്ട രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള കരുനീക്കങ്ങള്‍.
ഡല്‍ഹിയില്‍ എ.എ.പി പ്രചാരണങ്ങള്‍ക്കു പിന്നണിയില്‍ നേതൃത്വം നല്‍കിയിരുന്നതു പ്രശാന്ത് കിഷോറായിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ രൂക്ഷമായി എതിര്‍ത്തതോടെയാണ് പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായി നിതീഷ് കുമാര്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നത്. ഇക്കാര്യത്തില്‍ എ.എ.പി നേതാക്കള്‍ ചര്‍ച്ച തുടരുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."