ശബരിമല സമരങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ വിധിയെ തുടര്‍ന്ന് ആരംഭിച്ച സമരങ്ങള്‍ അവസാനിപ്പിക്കുന്നതിന് ബി.ജെ.പി ഒരുങ്ങുന്നു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം പൂര്‍വാധികം ശക്തിയായി പലവഴികളിലേക്ക് തിരിഞ്ഞതും പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളും സമരങ്ങള്‍ക്ക് ആളെക്കിട്ടാത്തതും ലോക്‌സഭാ തെരഞ്ഞെടുപ്പുമെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനത്തിലേക്ക് ബി.ജെ.പി എത്തുന്നത്.
ശബരിമലയുടെ പേരില്‍ സമരം തുടര്‍ന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ആളെക്കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും അതുകൊണ്ട് സമരം ശബരിമല കര്‍മസമിതി നടത്തട്ടെയെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകണമെന്നുമാണ് ഇപ്പോഴത്തെ ധാരണ. അടുത്തു ചേരുന്ന കോര്‍ കമ്മിറ്റി യോഗവും ഭാരവാഹികളുടെ യോഗവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി രൂപീകരിക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ക്ക് പ്രാതിനിധ്യമെന്ന നിലയില്‍ കെ.സുരേന്ദ്രന് തെരഞ്ഞെടുപ്പ് ഏകോപനത്തിന്റെ ചുമതല നല്‍കാനാണ് നീക്കം. ശബരിമല സമരത്തോടെ രൂക്ഷമായ വിഭാഗീയതക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. പി.കെ.കൃഷ്ണദാസ് പക്ഷത്തിനൊപ്പമായിരുന്ന സംസ്ഥന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കെതിരേ ആ വിഭാഗത്തില്‍തന്നെ ശത്രുക്കള്‍ ഉണ്ടായിട്ടുണ്ട്. സെക്രട്ടേറിയറ്റ് നടയിലെ നിരാഹാര സമരം സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളാണ് പുതിയ വഴിത്തിരിവിന് കാരണമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി.രമേശ് നിരാഹാര സമരത്തിന് തയാറാകാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ശ്രീധരന്‍ പിള്ളക്കൊപ്പം നില്‍ക്കുന്ന മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് വി.ടി.രമയാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇനിയാരെന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ മാസം 19ന് നിരാഹാര സമരം അവസാനിപ്പിക്കാനാണ് ബി.ജെ.പി ആലോചന. റിവ്യൂ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ച സാഹചര്യത്തില്‍ എന്തടിസ്ഥാനത്തില്‍ സമരം തുടരുമെന്ന ആശങ്കയാണ് സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.
ഇതിനിടെ ലോക്‌സഭാ സീറ്റ് സംബന്ധിച്ചും ഗ്രൂപ്പുകള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സീറ്റ് വേണമെന്ന ആവശ്യം ശ്രീധരന്‍പിള്ള മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."