യു.ഡി.എഫ് വിപുലീകരിക്കുന്നു
തിരുവനന്തപുരം: മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് യു.ഡി.എഫ് സബ്കമ്മിറ്റി രൂപീകരിച്ചു. ബെന്നി ബെഹനാന്‍ കണ്‍വീനറും എം.കെ മുനീര്‍, ജോയ് എബ്രഹാം, എന്‍.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. അപേക്ഷ നല്‍കിയ പാര്‍ട്ടികളുമായി ഈ സമിതി ചര്‍ച്ച നടത്തും. കാമരാജ് കോണ്‍ഗ്രസ്, ഐ.എന്‍.എല്‍(ഡമോക്രാറ്റിക്), എസ്.ആര്‍.പി, ജെ.എസ്.എസ്(രാജന്‍ബാബു) എന്നീ പാര്‍ട്ടികളുടെ യു.ഡി.എഫ്. പ്രവേശനമാണ് സബ്കമ്മിറ്റി ചര്‍ച്ച ചെയ്യുക. വീരേന്ദ്ര കുമാറിനൊപ്പം എല്‍.ഡി.എഫില്‍ പോകാതെ നിന്ന ജനതാദള്‍ ജോണ്‍ വിഭാഗത്തെ യു.ഡി.എഫിലെ പ്രത്യേക ക്ഷണിതാവാക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടുള്ള കത്താണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ യു.ഡി.എഫ് അക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കെ.പി.സി.സി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചിട്ടില്ല. അതിനു മുന്നോടിയായി എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റ് മണ്ഡലം, നിയമസഭാ മണ്ഡലം, പഞ്ചായത്ത് തല കമ്മിറ്റികള്‍ രൂപീകരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെങ്കിലും കേരളാ കോണ്‍ഗ്രസുകള്‍ ആവശ്യം ഉന്നയിച്ചു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മൂന്നാമതൊരു സീറ്റുകൂടി വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇടുക്കി സീറ്റ് നല്‍കണമെന്ന് ജേക്കബ് വിഭാഗവും പറഞ്ഞു. പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും മുന്നണി യോഗത്തില്‍ നടന്നില്ല.
സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വിശ്വാസങ്ങള്‍ സംരക്ഷിക്കുക എന്നും ആവശ്യപ്പെട്ട് ഈ മാസം 23ന് സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ഉപരോധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. കോട്ടയം ജില്ലയില്‍ കലക്ടറേറ്റ് ഉപരോധം 22നും നടക്കും.
എം.കെ മുനീറിന്റെ പ്രസംഗം വെട്ടിത്തിരുത്തിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ഥ പ്രസംഗം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതില്‍ വര്‍ഗീയമതിലാണെന്ന് പ്രതിപക്ഷ ഉപനേതാവായ എം.കെ മുനീര്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. ഈ പ്രസംഗമാണ് നിയമസഭാ രേഖകളില്‍ നിന്നു നീക്കിയത്. അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിനിടെയായിരുന്നു മുനീറിന്റെ വര്‍ഗീയ മതില്‍ പരാമര്‍ശം.
വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനു പുറമേ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം.കെ മുനീര്‍, പി.ജെ ജോസഫ്, ജോണിനെല്ലൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."