പ്ലാന്‍ ബിയുമായി തെരേസാ മേ
ലണ്ടന്‍: പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസത്തെ അതിജീവിച്ചതിനു പിന്നാലെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറുന്നതിന്റെ (ബ്രക്‌സിറ്റ്) ഉപാധികളില്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവയിലെ എം.പിമാരുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി തെരേസാ മേ. കരാറുകളില്ലാതെ യൂറോപ്യന്‍ യൂനിയനില്‍നിന്നു (ഇ.യു) പിന്‍വാങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിനെ മേ ക്ഷണിച്ചു.
എന്നാല്‍ കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. ഉപാധികളില്ലാതെ പിന്‍വാങ്ങുന്നത് അംഗീകരിച്ചാലല്ലാതെ ചര്‍ച്ചക്കില്ലെന്നാണ് കോര്‍ബിന്റെ നിലപാട്. ഇ.യുവില്‍നിന്ന് പിന്‍മാറുന്ന അന്തിമ തിയതി മാര്‍ച്ച് 29ല്‍ നിന്ന് മാറ്റണമെന്നും കരാറില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നുമാണ് ചില പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. രണ്ടാം ഹിത പരിശോധന മേ നേരത്തെ തള്ളിയതിനാല്‍ ഇതില്‍ ചര്‍ച്ച നടത്താന്‍ സാധ്യതയില്ല.
ഇ.യുവില്‍നിന്ന് പിന്‍വാങ്ങണമെന്നുള്ള ജനങ്ങളുടെ ആവശ്യവുമായി മുന്നോട്ടു പോവുകയാണ് തന്റെ ദൗത്യമെന്ന് എം.പിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പ് തെരേസാ മേ പറഞ്ഞു. മുന്നോട്ടേക്കുള്ള വഴികള്‍ കണ്ടെത്തുന്നതിനായി മുഴുവന്‍ പാര്‍ട്ടികളിലെയും പാര്‍ലമെന്റ് അംഗങ്ങളെ ക്ഷണിക്കുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ ഒഴിവാക്കാനുള്ള സമയമാണിതെന്ന് അവര്‍ പറഞ്ഞു.
കരാറില്‍ പുതിയ ഉപധികളുമായി തെരേസാ മേ പാര്‍ലമെന്റില്‍ ജനുവരി 21ന് എത്തുമെന്ന് യു.കെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ തെരേസാ മേ തയാറാക്കിയിരുന്ന ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് പുതിയ ഉപാധികള്‍ മേ അവതരിപ്പിക്കുന്നത്.
അതിനിടെ ഉപാധികളില്ലാതെ ഇ.യുവില്‍നിന്ന് യു.കെ പിന്‍മാറിയാലുണ്ടാവുന്ന സാഹചര്യഹങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫ്രഞ്ച് സര്‍ക്കാര്‍ ഇന്നലെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. കരാറില്ലാതെ പിന്‍വാങ്ങുകയാണെങ്കില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാനുള്ള നിയമം ഫ്രഞ്ച് പാര്‍ലമെന്റ് ബുധനാഴ്ച നിര്‍മിച്ചിരുന്നു. യു.കെയുമായി പങ്കിടുന്ന അതിര്‍ത്തി, വ്യാപാരം, ഗതാഗതം ഉള്‍പ്പെടെയുള്ളവയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തത്.
പാര്‍ലമെന്റില്‍ നടന്ന ബ്രക്‌സിറ്റ് കരാര്‍ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടെങ്കിലും 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരേസാ മേ അവിശ്വസം അതിജീവിച്ചത്. ജെര്‍മി കോര്‍ബിന്‍ കൊണ്ടുവന്ന അവിശ്വാസത്തില്‍ നടന്ന വോട്ടെടുപ്പില്‍ 306 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 325 പേര്‍ എതിര്‍ത്തു.
സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതര്‍, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി) എന്നിവര്‍ അന്തിമഘട്ടത്തില്‍ മേയുടെ രക്ഷയ്‌ക്കെത്തി. അവിശ്വാസത്തിന്മേല്‍ ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംവാദം നടന്നിരുന്നു. കഴിഞ്ഞ ദിവസം കരാറില്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 230 വോട്ടിനാണ് പരാജയപ്പെട്ടത്. 432 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 202 പേര്‍ പിന്തുണച്ചു. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിലെ 118 എം.പിമാരും കരാറിനെ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."