ജോലിയിൽ തുടരാൻ പ്രായം കുറച്ച് കാണിച്ച നഴ്‌സിനെ പിരിച്ചുവിട്ടു
ജിദ്ദ: സഊദിയിൽ പ്രായം കുറച്ച് കാണിച്ച നഴ്‌സിനെ ആരോഗ്യ മന്ത്രാലയം ജോലിയിൽ നിന്നു പിരിച്ചുവിട്ടു. പത്തു വയസ് കുറച്ച് പ്രായം രേഖപ്പെടുത്തിയ നഴ്‌സിനെയാണ് പിരിച്ചുവിട്ടത്. പത്തു വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്ന നഴ്‌സിന് ഇതിലൂടെ ജോലിയിൽ തുടരുന്നതിന് സാധിച്ചു. കൃത്രിമം ശ്രദ്ധയിൽ പെട്ടയുടൻ നഴ്‌സിനെ പിരിച്ചുവിടുന്നതിനും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ജിദ്ദ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ജനന തീയതി കംപ്യൂട്ടർ സംവിധാനത്തിൽ പ്രവേശിപ്പിക്കുന്നതിൽ സംഭവിച്ച സാങ്കേതിക തകരാറാണ് വിരമിക്കൽ പ്രായം കഴിഞ്ഞും പത്തു വർഷത്തോളം സ്വദേശി നഴ്‌സ് ജോലിയിൽ തുടരുന്നതിന് ഇടയാക്കിയതെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ഇതാണ് വിരമിക്കൽ പ്രായത്തിൽ ഇവർക്ക് റിട്ടയർമെന്റ് നൽകാതിരിക്കാൻ ഇടയാക്കിയത്. ജനന തീയതി രേഖപ്പെടുത്തുന്നതിൽ പിഴവ് സംഭവിക്കാനിടയായതിൽ സ്ഥാപനത്തിനെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. പിഴവ് വരുത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീരിക്കുന്നതിനാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത നഴ്‌സിന്റെ ജനന തീയതി 01/07/1382 ആണ്. ഇവരുടെ യഥാർഥ ജനന തീയതി 01/07/1372 ആണ്. കഴിഞ്ഞ മാസം സ്ഥാനക്കയറ്റത്തിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് നഴ്‌സിന്റെ യഥാർഥ ജനന തീയതി വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."