ലോക്പാലില്‍ സുപ്രിംകോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ലോക്പാല്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ അന്ത്യശാസനം. ഇതുസംബന്ധിച്ച അന്വേഷണസമിതി (സെര്‍ച്ച് കമ്മിറ്റി) ലോക്പാലിലേക്കുള്ള ഉദ്യോഗസ്ഥരെ ഫെബ്രുവരി അവസാനം ആകുമ്പോഴേക്കും കണ്ടെത്തി പേരുകളടങ്ങിയ ചുരുക്കപട്ടിക സെലക്ഷന്‍ കമ്മിറ്റിക്കു സമര്‍പ്പിക്കണമെന്ന് ജഡ്ജിമാരായ എല്‍. നാഗേശ്വര്‍ റാവുവും എസ്.കെ കൗളും അടങ്ങിയ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചു.
കേസ് മാര്‍ച്ച് ഏഴിനു തുടര്‍വാദം കേള്‍ക്കാനും തീരുമാനമായി. റിട്ട. ജസ്റ്റിസ് രഞ്ജനാ ദേശിയായിയാണ് സെര്‍ച്ച് കമ്മിറ്റി അധ്യക്ഷ. അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റുസഹായങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കാനും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനു കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിതര സന്നദ്ധ സംഘടനയായ കോമണ്‍ കോസ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുകയായിരുന്നു രണ്ടംഗബെഞ്ച്. ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് 2017 ഏപ്രിലില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
വിധി പുറത്തുവന്ന് ഒരുവര്‍ഷത്തിലധികം കഴിഞ്ഞിട്ടും ലോക്പാലിനെ നിയമിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോമണ്‍ കോസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹരജി നല്‍കിയത്. ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ പ്രശാന്ത് ഭൂഷണ്‍ സംശയം പ്രകടിപ്പിച്ചു. യാതൊരു അടിസ്ഥാനസൗകര്യവുമില്ലാത്ത, ഉദ്യോഗസ്ഥരുമില്ലാത്ത സെര്‍ച്ച് കമ്മിറ്റി എങ്ങനെ പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ആശങ്ക അറിയിച്ചത്. ഇതിനോട് അതൃപ്തി അറിയിച്ച കോടതി, എല്ലാ കാര്യങ്ങളെയും നിഷേധാത്മകമായി കാണരുതെന്നും അനുകൂലമനോഭാവത്തോടെ കാര്യങ്ങള്‍ നോക്കിക്കാണൂവെന്നും പറഞ്ഞു. ഈ ലോകം ജീവിക്കാന്‍ പറ്റിയ സ്ഥലം ആണ്. നാളെ മുതല്‍ അതിന് ശ്രമിക്കൂവെന്നും കോടതി പറഞ്ഞു. ഇതിനു പിന്നാലെയാണ് കമ്മിറ്റിക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."