ഹമദ് തുറമുഖത്തേക്കുള്ള പുതിയ റോഡ് തുറന്നു
ദോഹ: പുതിയ ഹമദ് തുറമുഖത്തേയും ട്രക്ക് റൂട്ടിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് ഗതാഗതത്തിനായി തുറന്നു. ഓര്‍ബിറ്റല്‍ ഹൈവേ പദ്ധതിയുടെ ഭാഗമായാണ് പുതിയ ലിങ്ക് റോഡ് തുറന്നത്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗത നീക്കം സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ഏകദേശം അഞ്ച് കിലോമീറ്ററോളം നീളമുള്ള റോഡില്‍ മള്‍ട്ടി ലെവല്‍ ഇന്റര്‍ചേഞ്ചുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഓരോ ദിശയിലേക്കും നാലു ലൈനുകള്‍ വീതമാണുള്ളത്. പുതിയ ലിങ്ക് റോഡ് തുറന്നതോടെ ട്രക്ക് റൂട്ടിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും. ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതവും കൂടുതല്‍ കാര്യക്ഷമമാകും. ഹമദ് തുറമുഖം, മിസൈദ്, അല്‍ വഖ്‌റ, താല്‍ക്കാലിക ട്രക്ക് റൂട്ട് എന്നിവയിലേക്കുള്ള വേഗത്തില്‍ എത്താനും പുതിയ ലിങ്ക് റോഡ് സഹായകമാണ്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രസിഡന്റ് എന്‍ജിനീയര്‍ സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി എന്നിവരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയുടെ അടുത്ത ഘട്ടം നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തിയാകുമെന്ന് അശ്ഗാല്‍ പ്രസിഡന്റ് അറിയിച്ചു.
ഏപ്രില്‍, ജൂലൈ മാസങ്ങളിലായിരിക്കും ഓര്‍ബിറ്റല്‍ ഹൈവേ പദ്ധതി ഭാഗികമായി ഗതാഗതത്തിനായി തുറക്കുന്നത്. ഗതാഗത കുരുക്കില്ലാതെ 1,500 ഓളം ട്രക്കുകള്‍ക്ക് സുഗമമായി കടന്നു പോകാന്‍ കഴിയുന്നതാണ് പദ്ധതി. രാജ്യത്തെ റോഡ് ശൃംഖലയുടെ പ്രധാന പദ്ധതികളിലൊന്നാണിത്. രാജ്യത്തിന്റെ തെക്ക്‌വടക്ക് ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഗതാഗതം ശക്തിപ്പെടുത്തുന്നതിനൊപ്പം ദോഹയിലെ യാത്രാ സമയം അമ്പത് ശതമാനത്തോളം കുറക്കാനും കഴിയും. 195 കിലോമീറ്റര്‍ റോഡാണ് പദ്ധതിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."