സാമ്പത്തിക സംവരണം: ഇസ്‌ലാമിനും ചിലതു പറയാനുണ്ട്
#ടി.എച്ച് ദാരിമി
8111814829
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുത്തതാണ് പുതിയ വിഷയം. ഇതിനു പിന്നിലെ രാഷ്ട്രീയക്കളികളും ചേതോവികാരങ്ങളുമെല്ലാം മാധ്യമങ്ങള്‍ ചര്‍വിതചര്‍വണം ചെയ്തുവരികയാണ്. അതിനിടയില്‍ ഇവ്വിഷയകമായ ഇസ്‌ലാമിക കാഴ്ചപ്പാടിനും ചില പ്രസക്തികളുണ്ട്. മനുഷ്യനെയും അവന്റെ ജീവിതത്തെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്രഷ്ടാവില്‍ നിന്ന് നേരിട്ടവതീര്‍ണമായ ഒരു ദര്‍ശനം എന്ന നിലക്ക് ഇസ്‌ലാമിന്റെ പക്ഷങ്ങള്‍ക്ക് എവിടെയും പ്രസക്തിയുണ്ടാകുക സ്വാഭാവികമാണ്. അവന്റെ ജീവിതം കടന്നുപോകുന്ന വഴികളിലൊരിടത്തും ഈ കാഴ്ചപ്പാട് ഇതുവരെയും പിഴക്കുകയോ ആത്മാര്‍ഥമായി ചോദ്യം ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല എന്ന അനുഭവത്തിലേക്കു ചേര്‍ത്തുവായിക്കുമ്പോള്‍ പ്രത്യേകിച്ചും. ഓരോ വിഷയത്തിലും അതിന്റെ നിലപാട് അറിയിക്കുക എന്നതിനുമപ്പുറം അതിന്റെ പ്രായോഗികത, ന്യായം തുടങ്ങിയവ കൂടി ഒപ്പം സ്ഥാപിക്കുന്നതിനാല്‍ വിശേഷിച്ചും. അതിനാല്‍ സാമ്പത്തിക സംവരണത്തിലെ ശരിതെറ്റുകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനൊപ്പം ഇത്തരമൊരു ശ്രമത്തിന്റെ അര്‍ഥരാഹിത്യം തിരിച്ചറിയാന്‍ കൂടി ഒരു നല്ല വായനക്കാരനെ അതു സഹായിക്കുകതന്നെ ചെയ്യും.
ഒറ്റ വാചകത്തില്‍ പറയുമ്പോള്‍ ഇന്ത്യപോലെ ഒരു ബഹുസ്വര സമൂഹത്തില്‍ ഇത്തരമൊരു സംവരണം നന്നെന്നു തോന്നിപ്പോകും. എന്നാല്‍ അതിനുള്ളില്‍ വലിയ കള്ളക്കളികള്‍ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതു രാഷ്ട്രീയ, സാമൂഹ്യ മേഖലയിലുള്ളവര്‍ ഇതിനകം തന്നെ കണ്ടുപിടിച്ചുകഴിഞ്ഞു. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ ഇത്തരമൊരു ശ്രമം നിരര്‍ഥകമാണ് എന്നിടത്താണ് നമ്മുടെ ചര്‍ച്ച. കാരണം ഇവിടെ സംവരണം എന്നത് കേവലം ഒരു സഹായമായി നില്‍ക്കുകയല്ല. അതൊരു നിയമമായിത്തീരുകയാണ്. ഒരു കാര്യം ഒരു നിയമമായി മാറുമ്പോള്‍ അതിന്റെ അടിസ്ഥാനം അതിന്റെ മാനദണ്ഡങ്ങളാണ്. ആ മാനദണ്ഡങ്ങളാണ് സംവരണം എന്ന പരിഗണയുടെ ന്യായമായിത്തീരുന്നത്. സാമ്പത്തികം അത്തരമൊരു പരിഗണനാ മാനദണ്ഡമാക്കാന്‍ മാത്രം കഴിയില്ല. കാരണം സാമ്പത്തിക സ്ഥിതി സ്ഥിരമായ ഒന്നല്ല. ഒരു ആപ്തവാക്യം പറയുന്നതുപോലെ അത് കേവലമൊരു നീങ്ങിപ്പോകാവുന്ന നിഴല്‍ മാത്രമാണ്. 'മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് ' എന്ന ഈ ബില്ലിലെ ഒന്നാമത്തെ പ്രയോഗം തന്നെ അതിനു തെളിവാണ്. സാമ്പത്തികമായും സാമൂഹ്യമായും മുന്നാക്കക്കാരായവരില്‍ തന്നെ പിന്നാക്കക്കാര്‍ ഉണ്ടായി എന്നു പറയുന്നതില്‍ നിന്നുതന്നെ അതു വ്യക്തമാണ്. അതുകൊണ്ടു തന്നെയാണ് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കു ശ്രേഷ്ഠത കല്‍പ്പിക്കുകയോ അതില്ലാത്തതിന്റെ പേരില്‍ ഒരാളെ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നതിനോട് ഇസ്‌ലാം വിയോജിക്കുന്നതും.
ഇതുപക്ഷെ, ഒറ്റയടിക്കു ബോധ്യമാവില്ല. അതു ബോധ്യമാവാന്‍ ഇസ്‌ലാമിന്റെ സാമ്പത്തിക ദര്‍ശനത്തിന്റെ ചില ആമുഖങ്ങള്‍ ആദ്യം മനസിലാക്കിവയ്‌ക്കേണ്ടതുണ്ട്. ആ ദര്‍ശനം തുടങ്ങുന്നത് സമ്പത്തിന്റെ ഉടമാവകാശം മുതല്‍ക്കാണ്. സമ്പത്തിന്റെ യഥാര്‍ഥ ഉടമാവകാശം അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാണെന്നും മനുഷ്യന്‍ വെറുമൊരു കൈകാര്യകര്‍ത്താവു മാത്രമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് അതാരംഭിക്കുന്നത്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ ധനം ചെലവഴിക്കുകയും ചെയ്യുക' (ഹദീദ്:7). അല്ലാഹു ഈ ധനം മനുഷ്യനെ അവന്റെ ജീവിതത്തിന്റെ രണ്ട് അനിവാര്യതകള്‍ക്കുവേണ്ടിയാണ് നല്‍കിയിരിക്കുന്നത് എന്നും ഇസ്‌ലാം സിദ്ധാന്തിക്കുന്നു. അവയിലൊന്ന് മനുഷ്യന്റെ നിലനില്‍പ്പിന്റെ ആധാരമാണ് സമ്പത്ത് എന്നതാണ്. അന്നിസാഅ് അദ്ധ്യായത്തിന്റെ അഞ്ചാം സൂക്തത്തില്‍ അല്ലാഹു പ്രയോഗിച്ചിരിക്കുന്ന 'ഖിയാം' എന്നതിന്റെ ആശയം അതാണ്. സ്വന്തം ജീവിതത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കാന്‍ എന്നതു കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തേത് സാമൂഹ്യ ജീവിതത്തിനു ബാധ്യതപ്പെട്ട അവന് തന്റെ കടമകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയുള്ളതാണ് സമ്പത്ത് എന്നതാണ് രണ്ടാമത്തേത്. തന്നെപ്പോലെ തന്റെ ആശ്രിതരുടെ കാര്യങ്ങള്‍ നിവൃത്തിചെയ്തു കൊടുക്കാന്‍ കൂടിയുള്ളതാണ് സമ്പത്ത് എന്ന് ആമുഖങ്ങള്‍ വ്യക്തമാക്കുന്നു.
മനുഷ്യന് സമ്പത്തിന്റെ യഥാര്‍ഥ ഉടമാവകാശം ഇല്ല എന്നതിനോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊന്നാണ് ഈ സമ്പത്ത് നല്‍കപ്പെടുന്നത് ഒരു അനുഗ്രഹം എന്ന നിലയ്ക്കാണ് എന്നത്. അത് അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് ഇച്ഛിക്കുന്ന അളവില്‍ നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നു. ഒരേ കച്ചവടം ചെയ്യുന്ന രണ്ടുപേരുടെയും കച്ചവടവും ഒരേ വിളവു കൃഷി ചെയ്യുന്ന രണ്ടുപേര്‍ക്കും അവരുടെ കൃഷിയും ഒരേ അളവില്‍ വിജയിക്കുന്നില്ല എന്ന അനുഭവത്തില്‍ നിന്നുതന്നെ ഇതു മനസിലാക്കാം. പ്രായം, അധ്വാനം, താല്‍പര്യം തുടങ്ങിയവയൊന്നും സമ്പത്തിനെ കാര്യമായി സ്വാധീനിക്കുന്നില്ല. തിന്മ ചെയ്യുന്നയാള്‍ക്കു ചിലപ്പോള്‍ സമ്പത്ത് ലഭിക്കുകയും നന്മ ചെയ്യുന്നയാള്‍ക്കു ലഭിക്കാതിരിക്കുകയും ചെയ്യുന്നു എന്നത് ഒരു പൊതുകാഴ്ചയായി മാറുന്നതും ഇതുകൊണ്ടാണ്.
അല്ലാഹു സമ്പത്ത് നല്‍കുന്നതുതന്നെ തുല്യവും കൃത്യവുമായ അളവിലല്ല എന്നതും ഈ ആമുഖങ്ങളുടെ ഭാഗമാണ്. ചിലര്‍ക്ക് ആവശ്യത്തിലധികവും മറ്റു ചിലര്‍ക്ക് ആവശ്യത്തിനുള്ളതും ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് അത്യാവശ്യത്തിനുള്ളതു മാത്രമേ ലഭിക്കുന്നുള്ളൂ. മറ്റു ചിലര്‍ക്കാവട്ടെ, അത്യാവശ്യത്തിനുള്ളതു പോലും ലഭിക്കുന്നില്ല. ചുരുക്കത്തില്‍ ഈ ആമുഖങ്ങള്‍ പറയുന്നത് സമ്പത്ത് മനുഷ്യനില്‍ അനിവാര്യമായും ഉണ്ടാകുന്നതോ നിലനില്‍ക്കുന്നതോ അവനു സ്വന്തം വരുതിയില്‍ നിര്‍ത്താവുന്നതോ ഒന്നുമല്ല എന്നാണ്. ലഭിച്ചാല്‍ കൈകാര്യം ചെയ്യാവുന്ന ഒരു കൈക്കാരന്റേതിനപ്പുറം അവനൊരു റോളും അക്കാര്യത്തിലില്ല എന്നാണ്. അങ്ങനെയാണെങ്കില്‍ ഒരാളെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതും പ്രത്യേക പരിഗണനകള്‍ക്കു മാനദണ്ഡമാക്കുന്നതും എങ്ങനെയാണ്?.
എന്നാല്‍ പിന്നെ പിന്നാക്കക്കാരെ കണ്ടില്ലെന്നു നടിക്കുന്നതാണോ ശരി എന്നു ചോദിച്ചേക്കാം. അവരെ ഒരിക്കലും ഇസ്‌ലാം അവഗണിക്കുന്നില്ല. മാത്രമല്ല അവരുടെ കാര്യങ്ങള്‍ നിവൃത്തിചെയ്യാന്‍ മുന്നാക്കക്കാരെ ഇസ്‌ലാം കടമപ്പെടുത്തിയിട്ടുമുണ്ട്. അവരെ ശ്രദ്ധിക്കാന്‍ വെറും ഐച്ഛികമായി ആവശ്യപ്പെടുകയല്ല ഇസ്‌ലാം ചെയ്തിരിക്കുന്നത്. മറിച്ച് അതില്‍ ഒരു നിര്‍ബന്ധ ബാധ്യത കൂടി വച്ചിരിക്കുന്നു. അതാണ് സകാത്ത് വ്യവസ്ഥ. സാമ്പത്തിക ശേഷിയുള്ളവര്‍ തങ്ങളുടെ മിച്ചത്തിന്റെ രണ്ടര ശതമാനം നിര്‍ബന്ധമായും അവശതയനുഭവിക്കുന്ന നിശ്ചിത വിഭാഗങ്ങള്‍ക്കു നല്‍കിയിരിക്കണം. അല്ലാതെ വന്നാല്‍ അവരുടെ മുസ്‌ലിം എന്ന സാധുത പോലും നഷ്ടമാകും. സാമ്പത്തിക സമത്വമല്ലെങ്കിലും നിലനില്‍പ്പിനും അതുവഴി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഇത് ഏറെ ശാസ്ത്രീയമായ ഒരു പദ്ധതിയാണെന്ന് സാമ്പത്തികലോകം പലപ്പോഴും സമ്മതിച്ചതാണ്. രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത് യമനിലും രണ്ടാം ഉമര്‍ എന്നറിയപ്പെട്ടിരുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസി(റ)ന്റെ കാലത്ത് ഡമാസ്‌കസിലും സകാത്ത് വാങ്ങാന്‍ അര്‍ഹരില്ലാത്ത സാഹചര്യം സംജാതമായിട്ടുണ്ട്. അതിനും പുറമെ സാമ്പത്തികമായി വളരെ കുഴഞ്ഞുപോയവരെ ഉദ്ധരിക്കാന്‍ ധാരാളം വകുപ്പുകള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിലുണ്ട്. ചില സാഹചര്യങ്ങളില്‍ അത്തരക്കാരുടെ മുഴുവന്‍ ജീവിതഭാരവും ബൈത്തുല്‍മാല്‍ എന്ന പൊതു ഖജനാവാണ് വഹിക്കുന്നത്.
മുന്നാക്കക്കാര്‍ പിന്നാക്കം പോകാതിരിക്കാന്‍ ഇസ്‌ലാം സ്വീകരിച്ച നയങ്ങളും ഈ പഠനത്തിന്റെ ഭാഗമാണ്. സമ്പത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനും അതിന്റെ വില സദാ കാത്തുസൂക്ഷിക്കാനുമുള്ള ഇസ്‌ലാമിന്റെ നിര്‍ദേശം അതിലൊന്നാണ്. അന്നിസാഅ് അധ്യായത്തിലെ അഞ്ചാം വചനത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്വത്തുക്കള്‍ വിഡ്ഢികള്‍ക്കു കൊടുക്കരുത് എന്നു പറയുന്നതില്‍ സമ്പത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന ധ്വനിയുണ്ട്. ധൂര്‍ത്ത്, ദുര്‍വ്യയം തുടങ്ങിയവ വഴി സമ്പത്തിനെ പാഴാക്കരുത് എന്നത് ഖുര്‍ആന്‍ ഇടക്കിടെ ആവശ്യപ്പെടുന്ന കാര്യവുമാണ്. അതു നന്നായി സൂക്ഷിച്ചുവയ്ക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. കൃത്യമായി സൂക്ഷിക്കാതെ സ്വത്ത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അതിന് ആര്‍ക്കും ഉത്തരവാദിത്തമുണ്ടായിരിക്കില്ല എന്നാണ് കര്‍മശാസ്ത്രം.
അനുയോജ്യമായ സൂക്ഷിപ്പു സ്ഥലത്തു നിന്നല്ലാതെ മോഷ്ടിക്കപ്പെട്ടാല്‍ മോഷ്ടിച്ചവനെ ശിക്ഷിക്കുക കൂടി ചെയ്യാവതല്ല എന്നു പറയുമ്പോള്‍ ഇതിന്റെ ഗൗരവം ശരിക്കും മനസിലാക്കാം. കയ്യിലുള്ളതിനെ ജാഗ്രതയോടെ സൂക്ഷിക്കേണ്ടുന്ന പ്രാധാന്യം പോലെത്തന്നെ പ്രധാനമാണ് ഉള്ളതിനെ വളര്‍ത്താനും വലുതാക്കാനും ഇസ്‌ലാം നല്‍കുന്ന ചോദനകളും. തൊഴില്‍, കാര്‍ഷികവൃത്തി, കച്ചവടം തുടങ്ങിയ ധനാഗമന മാര്‍ഗങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അധ്വാനിക്കാതെ മററുള്ളവര്‍ക്കു ഭാരമായി ജീവിക്കുന്നതിനെ ഇസ്‌ലാം അമാന്യമായി കാണുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."