കൊളീജിയം പരിഷ്‌കരിക്കണം
കഴിഞ്ഞ ഡിസംബര്‍ 12ന് ചേര്‍ന്ന കൊളീജിയം സുപ്രിംകോടതി ജഡ്ജിമാരായി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോനെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയും നിയമിക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതായിരുന്നു. എന്നാല്‍, ഈ തീരുമാനം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിയമമന്ത്രാലയത്തെ അറിയിക്കുകയോ സുപ്രിംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തില്ല. ജനുവരി 10ന് വീണ്ടും കൊളീജിയം ചേരുകയും നേരത്തെയെടുത്ത തീരുമാനത്തിനു കടകവിരുദ്ധമായി ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രിംകോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്യുകയും രാഷ്ട്രപതി അതിന് അംഗീകാരം നല്‍കുകയും ചെയ്തിരിക്കുകയാണ്. പുതിയ ജഡ്ജിമാര്‍ ഇന്നു രാവിലെ പത്തരയ്ക്ക് സുപ്രിംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ മറ്റൊരു വിവാദത്തിനാണ് സുപ്രിംകോടതി വേദിയായിരിക്കുന്നത്. പുതുതായി നടത്തിയ നിയമന ശുപാര്‍ശകളിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണെന്നാണ് നിയമവൃത്തങ്ങളില്‍നിന്ന് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ പത്രസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് ഗൊഗോയ്. ജഡ്ജിമാര്‍ക്കു ജോലി വിഭജിച്ചു നല്‍കുന്നതില്‍ ദീപക് മിശ്ര പക്ഷഭേദം കാണിക്കുന്നെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും തുടങ്ങി നിരവധി ആക്ഷേപങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരി 12ന് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വിളിച്ചുകൂടിയ പത്രസമ്മേളനത്തില്‍ ജഡ്ജിമാര്‍ വെളിപ്പെടുത്തിയത്. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പത്രസമ്മേളനം. സുപ്രിംകോടതി സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ രാജ്യം നിലനില്‍ക്കുകയില്ലെന്നും സ്വതന്ത്ര ജുഡിഷ്യറി ഇല്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കുകയില്ലെന്നും ഇതു തുറന്നു പറഞ്ഞില്ലെങ്കില്‍ ചരിത്രം തങ്ങള്‍ക്കു മാപ്പു തരില്ലെന്നുമായിരുന്നു ഗൊഗോയ് അടക്കമുള്ള ജഡ്ജിമാര്‍ അന്നു പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഈ വാക്കുകള്‍തന്നെ ആവര്‍ത്തിച്ചാണ് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിനെതിരേ ആഞ്ഞടിച്ചത്. നേരത്തെയെടുത്ത തീരുമാനങ്ങള്‍ പരസ്യപ്പെടുത്താതെയും നിയമമന്ത്രാലയത്തിന് അയക്കാതെയും തടഞ്ഞുവച്ച ചീഫ് ജസ്റ്റിസ് ഇങ്ങനെയായിരുന്നോ സുതാര്യത ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പത്രസമ്മേളനം നടത്തിയതെന്നും മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ (ജഡ്ജിമാരുടെ ജോലിവിഭജന തീരുമാനമെടുക്കാനുള്ള ചുമതല) ഇപ്പോള്‍ മാസ്റ്റര്‍ ഓഫ് കൊളീജിയം ആയിരിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ തുറന്നടിച്ചിരിക്കുകയാണ്.
ജസ്റ്റിസ് ഗൊഗോയിക്കൊപ്പം പത്രസമ്മേളനം നടത്തിയ ജസ്റ്റിസ് ചെലമേശ്വറും ചീഫ് ജസ്റ്റിസിന്റെ നടപടിയെ വിമര്‍ശിച്ചിരിക്കുകയാണ്. നേരത്തെ ചൂണ്ടിക്കാണിച്ച അതേ തെറ്റ് ജസ്റ്റിസ് ഗൊഗോയില്‍നിന്ന് ഉണ്ടായിരിക്കുകയാണെന്നും നീതിന്യായ സംവിധാനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് ഇതു തെളിയിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ നടപടിയില്‍ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ട് സുപ്രിംകോടതി ജസ്റ്റിസ് സഞ്ജയ് കിഷന്‍കൗള്‍ ഗൊഗോയിക്ക് കത്തു നല്‍കിയിരിക്കുകയാണ്.
സീനിയോറിറ്റി അവഗണിച്ചും കൊളീജിയം തീരുമാനത്തെ അട്ടിമറിച്ചും ഗൊഗോയ് എടുത്ത തീരുമാനം, ഇപ്പോഴും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചാണ് സുപ്രിംകോടതിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാകുന്നു. ഉന്നത മൂല്യങ്ങളും നീതിന്യായ സംവിധാനത്തിന്റെ പവിത്രതയും കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്കു മൂല്യച്യുതി സംഭവിക്കുന്നുവെന്ന ദുഃഖകരമായ സന്ദേശമാണ് ഇതുവഴി പൊതുസമൂഹത്തിനു കിട്ടുന്നത്. സ്വാധീനങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അതീതമായി ന്യായാധിപര്‍ നീതി ഉയര്‍ത്തിപ്പിടിക്കുമെന്ന വിശ്വാസത്തിനാണ് ഇളക്കം തട്ടിയിരിക്കുന്നത്. സി.ബി.ഐക്കു പിന്നാലെ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന്റെ സംശയാസ്പദമായ നിലപാടുകള്‍ ജനങ്ങള്‍ക്കു നീതിന്യായ വ്യവസ്ഥയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസംതന്നെ നഷ്ടപ്പെടുത്തുന്നതാണ്.
ഈയൊരു സന്ദര്‍ഭം കൊളീജിയം സമ്പ്രദായത്തെക്കുറിച്ച് കൂടുതല്‍ ഗൗരവതരമായ ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊളീജിയം പുതുക്കിപ്പണിയേണ്ട ഒരാവശ്യത്തിലേക്കാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കൊളീജിയം സമ്പ്രദായത്തോട് നേരത്തെതന്നെ ജസ്റ്റിസ് ചെലമേശ്വരും കേന്ദ്രസര്‍ക്കാരും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതാണ്. രണ്ട് എതിര്‍പ്പുകളുടെയും അടിസ്ഥാനം വിഭിന്നമാണെന്നുമാത്രം. ജഡ്ജിമാരെ ജഡ്ജിമാര്‍തന്നെ നിയമിക്കുന്ന രീതി ആശാസ്യമല്ലെന്നും ഇതിനായി ജുഡിഷ്യല്‍ നിയമന കമ്മിഷന്‍ രൂപീകരിക്കുകയാണ് വേണ്ടതെന്നുമുള്ള നിര്‍ദേശമായിരുന്നു സര്‍ക്കാരില്‍നിന്ന് ഉണ്ടായത്. രണ്ടുപേര്‍ എഴുതിത്തയാറാക്കുന്ന പാനല്‍ കൊളീജിയം യോഗത്തില്‍ വായിക്കുകയും ഇത് അംഗീകരിക്കുകയുമല്ലേ എന്ന് മൊത്തമായി ചോദിക്കുകയും ചെയ്യുന്ന രീതി അനുവദിക്കാവുന്നതല്ലെന്ന് ചെലമേശ്വര്‍ തന്നെ തുറന്നുപറഞ്ഞതാണ്. കൊളീജിയം സമ്പ്രദായം പൂര്‍ണമായും കുറ്റമറ്റ രീതിയലല്ലെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും ഏറെക്കുറെ നീതിപൂര്‍വമാണെന്ന വിശ്വാസമായിരുന്നു പൊതുസമൂഹത്തിനുണ്ടായിരുന്നത്. ആ വിശ്വാസത്തിനാണ് ഇപ്പോള്‍ ഇടിവ് തട്ടിയിരിക്കുന്നത്.
പകരം സര്‍ക്കാര്‍ കാണുന്ന ജുഡിഷ്യല്‍ നിയമന കമ്മിഷന്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്കു നീങ്ങാനാണ് സാധ്യത. സര്‍ക്കാര്‍ നോമിനികളും കേന്ദ്ര നിയമമന്ത്രിയും അംഗങ്ങളായി വരുന്ന നിയമന കമ്മിഷനുകളിലൂടെ ജഡ്ജിമാരായി വരുന്നവര്‍ സര്‍ക്കാര്‍ എതിര്‍കക്ഷിയായിവരുന്ന കേസുകളില്‍ സര്‍ക്കാരിനെതിരേ നടപടി എടുക്കാന്‍ വൈമനസ്യം കാണിക്കുമെന്നത് നേരാണ്. അതിനാല്‍തന്നെ ജുഡിഷ്യല്‍ നിയമന കമ്മിഷനും സുതാര്യമായിരിക്കില്ല. ഇത്തരമൊരവസ്ഥയില്‍ കൊളീജിയം സമ്പ്രദായം പരിഷ്‌കരിക്കുക എന്നതു തന്നെയാണ് കരണീയം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടും ജുഡിഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ടും 2015 ഒക്ടോബറില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതാണ്. കൊളീജിയം കുറ്റമറ്റതല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കേഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതും സുപ്രിംകോടതിയായിരുന്നു. കൊളീജിയം പരിഷ്‌കരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും നല്‍കാത്തതിനാല്‍ കൊളീജിയം സമ്പ്രദായം പഴയപടിതന്നെ തുടരുന്നു. മേലിലും ഇങ്ങനെതന്നെ തുടരുകയാണെങ്കില്‍ ഇനിയും സീനിയോറിറ്റി അട്ടിമറിച്ചുള്ള നിയമനങ്ങള്‍ സുപ്രിംകോടതിയില്‍ സംഭവിച്ചേക്കാം. പൗരന്റെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസങ്ങളായിരിക്കും ഇതുവഴി കടപുഴകുക. അതിനു മുമ്പ് സുപ്രിംകോടതി വിധിപ്രകാരം കൊളീജിയം പരിഷ്‌കരിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."